കീമോ ചെയ്യുകയാണ്, ജാമ്യം നല്‍കണമെന്ന് ഇബ്രാഹിം കുഞ്ഞ്; ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച; കരാര്‍ കമ്പനിയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് സാധാരണമായ കാര്യം; മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോ എന്ന് കോടതി
കിമോ ചെയ്യുന്നതിനാല്‍ സഹായിയില്ലതെ പറ്റില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ഇബ്രഹിം കുഞ്ഞിന്റെ വാദം. ജാമ്യ ഹര്‍ജി വിധി പറയാന്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. പാലം പണിയുമ്പോള്‍ കരാര്‍ കമ്പനിയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് സാധാരണമായ കാര്യമാണ്. കൊച്ചി മെട്രോയ്ക്കും അങ്ങനെ കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ആണ് ഈ തീരുമാനം എടുക്കുന്നത് എന്നും ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ പറഞ്ഞു.
അപ്പോള്‍ മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോ എന്ന് കോടതി ചോദിച്ചു. ദൈനം ദിന കാര്യങ്ങള്‍ എല്ലാം മന്ത്രി അറിയണം എന്ന് ഇല്ലെന്നും അഡ്വാന്‍സ് നല്‍കിയതില്‍ അപാകത ഉണ്ടെങ്കില്‍ പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇബ്രാഹിംകുഞ്ഞ് മറുപടി നല്കി. ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന് പറയുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. താന്‍ ആശുപത്രിയില്‍ ആണെന്ന് അറിയിച്ചിട്ടും പോലീസ് വീട്ടില്‍ തെരച്ചില്‍ നടത്തി. 22 തരം മരുന്നുകളാണ് താന്‍ കഴിക്കുന്നത്. ഏപ്രില്‍ മുതല്‍ ചികില്‍സയില്‍ ആണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. നിങ്ങളുടെ ഇഷ്ടപ്രകാരം പോയ ആശുപത്രിയും ഡോക്ടറും അല്ലേ എന്ന് കോടതി ചോദിച്ചു.
അറസ്റ്റ് ഭയന്ന് അല്ല ആശുപത്രിയില്‍ പോയതെന്നും ജാമ്യം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ തുടരും എന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കീമോ ചെയ്യുകയാണ്. അത് കഴിഞ്ഞാല്‍ ഒരു സഹായി വേണ്ടി വരും. ജയിലില്‍ ഈ സൗകര്യം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നു എന്ന് കോടതി പറഞ്ഞു. നവംബര്‍ 19നു കീമോതെറാപ്പി ഉണ്ടായിരുന്നു. അതിനാല്‍ ആണ് 17 തന്നെ അഡ്മിറ്റ് ആയത്. അതുകൊണ്ട് മാത്രമാണ് 18ന് അന്വേഷണവുമായി സഹകരിക്കാതിരുന്നതെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha