രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം ആ തൊണ്ടിമുതൽ പുറത്ത് വന്നു... പക്ഷേ, പുറത്ത് വന്നത് കൊളുത്ത് മാത്രം... ബാക്കി എവിടെപ്പോയെന്നുള്ള അങ്കലാപ്പിൽ പൊലീസ്; തമ്പാനൂർ ബസ് സ്റ്റാൻഡിൽ സംഭവിച്ച നാടകീയ രംഗങ്ങൾക്ക് വിരാമം; സിനിമ കണ്ട് കാട്ടിക്കൂട്ടിയത്, നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....

അധ്യാപകദമ്പതികളുടെ മകളുടെ പാദസരം കവർന്നു വിഴുങ്ങിയ പ്രതിയിൽ നിന്ന് അത് തിരിച്ചെടുക്കാനുള്ള പൊലീസിന്റെ കാത്തിരിപ്പിന് വിരാമം. പ്രതി മുഹമ്മദ് ഷഫീഖിന്റെ വയറ്റിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് അത് പുറത്തുവന്നു. പക്ഷേ പാദസ്വരത്തിന്റെ കൊളുത്ത് മാത്രം. ബാക്കി എവിടെപ്പോയെന്നുള്ള അങ്കലാപ്പിലാണ് പൊലീസ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലെ അതേ രംഗങ്ങളാണ് കഴിഞ്ഞദിവസം തലസ്ഥാനത്തും അരങ്ങേറിയത്. വെള്ളിയാഴ്ച വൈകിട്ട് തമ്പാനൂർ ബസ് സ്റ്റാൻഡിലായിരുന്നു നാടകീയ രംഗങ്ങൾക്ക് തുടക്കം. ബസ് കാത്തുനിന്ന അദ്ധ്യാപികയായ മിനിയുടെ ചുമലിൽ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിയുടെ നാലരഗ്രാം സ്വർണ പാദസരം പൂന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷഫീഖാണ് (42) കവർന്നത്. ഭർത്താവ് അജികുമാറും മിനിയും കാരോടുള്ള വീട്ടിലേക്ക് പോകാൻ ബസ് കാത്തി രിക്കുകയായിരുന്നു. അതിനിടയിലാണ് പിറകിലത്തെ ഇരിപ്പിടത്തിൽ ഇരുന്ന ഷഫീഖ് പാദസരം കവർന്നത്.
ഇതുകണ്ട ദമ്പതികളും കൂടെയുണ്ടായിരുന്നവരും ബഹളം വച്ചതോടെ പ്രതി ഓടി. കെ.എസ്.ആർ.ടി.സി ഗാർഡും പൊലീസും നാട്ടുകാരും പിന്നാലെ പാഞ്ഞു. പിടിക്കുമെന്ന് ഉറപ്പായതോടെ പ്രതി പാദസരം വിഴുങ്ങി. പിടിയിലായ പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് പാദസരം വിഴുങ്ങിയ കാര്യം പറഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ എക്സ്റേയിൽ പാദസരം വയറ്റലുളളതായി കണ്ടെത്തി. വിസർജ്യം വഴി പുറത്തു വരാനുള്ള മരുന്ന് നൽകാൻ ഡോക്ടർമാർ തീരുമാനിച്ചു. അങ്ങനെ രണ്ടു ദിവസം പൊലീസിന് തൊണ്ടിമുതൽ കിട്ടാൻ കാക്കേണ്ടിവന്നു. ഒടുവിൽ തൊണ്ടിമുതൽ പുറത്തുവന്നു. പക്ഷേ, വന്നത് പാദസരത്തിന്റെ കൊളുത്ത് മാത്രം.
പ്രതിയുടെ ഉള്ളിൽപോയത് ആരുംകാണാതെ പുറത്തുപോയോ, അതോ പാദസരം പിടിച്ചുപറിച്ച് ഓടുന്നതിനിടയിൽ നഷ്ടപ്പെട്ടോ? എക്സ്റേ പരിശോധനയിൽ വയറിനുള്ളിൽ പാദസരത്തിന്റെ ശേഷിക്കുന്ന ഭാഗം കണ്ടെത്താനായില്ല. എന്നാൽ പാദസരത്തിന്റെ ബാക്കി ഭാഗം ആദ്യ ദിവസമോ മറ്റോ വിസർജ്യത്തിലൂടെ പുറത്തു പോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha