'മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലും ഇതുവരെ കണ്ടു പിടിക്കാന്‍ കഴിയാത്ത പിണറായി പൊലീസിന് പ്രദീപിന്റെ മരണത്തിന്റെ ദുരൂഹത കണ്ടു പിടിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്...' കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ കുറിക്കുന്നു
കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ചത്. പ്രദീപിന്‍റെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പലഭാഗത്ത് നിന്നും ആരോപണങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലും ഇതുവരെ കണ്ടു പിടിക്കാന്‍ കഴിയാത്ത പിണറായി പൊലീസിന് പ്രദീപിന്റെ മരണത്തിന്റെ ദുരൂഹത കണ്ടു പിടിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് പറയുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍. ഫെയ്‌സ് ബുക്കിലൂടെയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;
ഒരു പഴയകാല മാധ്യമപ്രവര്‍ത്തകനും കൊല്ലം പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം മാധ്യമ സഹപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ദുരൂഹമരണങ്ങള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.
അനീതിക്കെതിരെ നിരന്തരമായി ശബ്ദമുയര്‍ത്തി ശക്തമായി മുന്നോട്ടു പോയ എസ്. വി പ്രദീപിന്റെ അപകട മരണം ഞെട്ടലുളവാക്കുന്നതാണ്. ജനാധിപത്യം നിലവിലില്ലാത്ത ജംഗിള്‍ രാജുകളില്‍ മാത്രം കേട്ടുകേള്‍വിയുള്ള മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ മരണങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഒട്ടും ശോഭനീയമല്ല.
'എന്നെ വിമര്‍ശിച്ചു കൊണ്ടേയിരിക്കൂ ' എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്‌റുവിന്റെ രാജ്യമാണ് നമ്മുടേത് എന്ന കാര്യം ആരും വിസ്മരിക്കാന്‍ ശ്രമിക്കേണ്ട. പ്രദീപിനെ ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ട് പിടിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. സ്വര്‍ണ്ണ കള്ളക്കടത്ത് കേസൊക്കെ വളരെ ചടുലമായി രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദീപിന് നേരെ ഭീഷണിയുണ്ടായിരുന്നു എന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലും ഇതുവരെ കണ്ടു പിടിക്കാന്‍ കഴിയാത്ത പിണറായി പൊലീസിന് പ്രദീപിന്റെ മരണത്തിന്റെ ദുരൂഹത കണ്ടു പിടിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. കറുത്ത മൂടുപടം അണിഞ്ഞ കെട്ട കാലത്തെ മാധ്യമ പ്രവര്‍ത്തനം,,, അത്രമേല്‍ അപകട മുനമ്ബിലാണ് നിങ്ങള്‍.
ജാഗ്രത...
https://www.facebook.com/Malayalivartha























