കൊലപാതകം കഴിഞ്ഞും 'കൂളായി' തിരുവനന്തപുരം ഈഞ്ചക്കലിൽ ലോറിഡ്രൈവർ! പട്ടാപകൽ നടുറോഡിൽ മാധ്യമ പ്രവർത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ ലോറിഡ്രൈവർ ജോയിയെ ചോദ്യം ചെയ്യുന്നു... സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തിയതോടെ ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ്.. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽനിന്നാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതോടെ തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. അപകടമുണ്ടായ സ്ഥലത്ത് ട്രാഫിക് പോലീസിന്റെ സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിലെ ആദ്യ വെല്ലുവിളിയായിരുന്നു. പിന്നീട് സമീപത്തെ മറ്റു സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചാണ് ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയും അപകടം നടന്ന് 24 മണിക്കൂർ തികയുന്നതിന് മുമ്പേ വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അതിനിടെ, പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മകനെ ചതിച്ച് കൊന്നതാണെന്നും അവന്റെ തുറന്നനിലപാടുകൾ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ടെന്നുമായിരുന്നു പ്രദീപിന്റെ അമ്മയുടെ പ്രതികരണം. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി സഹോദരിയും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴി പോലീസ് സംഘം കഴിഞ്ഞദിവസം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കാരയ്ക്കാ മണ്ഡപത്തിനു സമീപം എസ്.വി പ്രദീപിന്റെ വാഹനം അപകടത്തില്‍പെട്ടത്. വൈകാതെ പ്രദീപ് മരണമടഞ്ഞിരുന്നു. ഒരേ ദിശയിൽ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയതും, അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ പിൻവശത്തെ ഹാൻഡ് റസ്റ്റ് മാത്രം തകർന്ന നിലയിൽ കണ്ടതുമാണ് അപകടത്തിൽ ദുരൂഹത വർദ്ധിക്കുവാൻ കാരണമായത്. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റും ആവശ്യപ്പെട്ടു.
നിരവധി ചാനലുകളിൽ പ്രവർത്തിച്ചിരുന്നു എസ് വി പ്രദീപ് ഇപ്പോൾ ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു. അടുത്തിടെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണകള്ളക്കടത്തിന്റെ ഉള്ളറകൾ തേടിയുള്ള നിരവധി റിപ്പോർട്ടുകൾ അദ്ദേഹം പുറത്ത് കൊണ്ടുവന്നിരുന്നു. അത്തരത്തിലുള്ള ഒരു വൻ വെളിപ്പെടുത്തലിന് എസ് വി പ്രദീപ് ഒരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ അജ്ഞാത വാഹനം ഇടിച്ചുള്ള അപകടത്തിൽ മാദ്ധ്യമപ്രവർത്തകന് ജീവൻ നഷ്ടമായതിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha