വലിയ മൃഗസ്‌നേഹം പറയാനോ, ഞെട്ടൽ രേഖപ്പെടുത്താനോ ശപിക്കാനോ ഒന്നുമില്ല. അബദ്ധത്തിൽ ആ വീഡിയോ കണ്ട് പോയ നേരം മുതൽ കണ്ണ് നിറഞ്ഞൊഴുകുന്നത് മാത്രമറിയുന്നുണ്ട്. "നായയെ ഒഴിവാക്കാൻ വേണ്ടി ചെയ്‌തതാണ്" എന്നാണത്രേ മൊഴി !! ഡോക്ടർ ഷിംന അസീസ് കുറിക്കുന്നു

എറണാകളും ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിനു പിന്നിൽ കെട്ടി വലിച്ചത് ഏറെ നൊമ്പരത്തോടെയാണ് സമൂഹമാധ്യമങ്ങൾ കണ്ടത്. കാറിൻ്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ മൊബൈൽ ക്യാമറ ദൃശ്യങ്ങളാണ് വൈറലായത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
വീട്ടിലൊരു പൂച്ചയുണ്ട്. ഇൻ ഫാക്‌ട് ഒന്നല്ല, നാല് പേരുണ്ട്. വല്ല്യ പോരിശ കേട്ട വിദേശികളൊന്നുമല്ല, നാടൻ മലയാളി പൂച്ചകൾ. അതിലൊരാൾ, സുറുമി രാത്രി ഞങ്ങൾ ഉറങ്ങിക്കഴിഞ്ഞ് അടുത്ത് വന്ന് കിടക്കും, രാവിലെ ഉണരാൻ വൈകിയാൽ നഖം പുറത്തിടാതെ കൈ കൊണ്ട് തട്ടി വിളിച്ച് എണീപ്പിക്കും, ആച്ചു തോർത്ത് പോലെ എടുത്ത് തൂക്കി തോളിലിട്ട് കൊണ്ട് നടന്നാലും പമ്മി കിടന്ന് കൊടുക്കും. കുഞ്ഞൊന്നുമല്ല, ഒന്ന് പെറ്റവളാണ്. പ്രസവവേദന വന്ന നേരത്ത് അവളുടെ വെപ്രാളം കണ്ട് വീട്ടിലുള്ളവര് മുഴുവൻ വിഷമിച്ച് എന്തൊക്കെയാ കാട്ടിക്കൂട്ടിയതെന്നറിയില്ല. എന്റെ കൂട്ടുകാരൻ വെറ്റിനറി ഡോക്ടർ Shyamനെ ആ ദിവസങ്ങളിൽ ഞങ്ങൾ ചെവിതല കേൾപ്പിച്ചിട്ടില്ല.
ഉപ്പ രാവിലെ നടക്കാൻ പോയി തിരികെ വരുന്നേരം മീൻ വാങ്ങാൻ പോകുന്നത് ഇവർക്കുള്ള മീൻ വേസ്‌റ്റ് പൊതിഞ്ഞെടുക്കാൻ വേണ്ടി കൂടിയാണ്. അതിനവര് വരി വരിയായി കാത്തിരിക്കുന്നത് കാണണം ! വീട്ടിലെ കിളികളും കൊഞ്ചും മീനും ആമയുമെല്ലാം ഇത് പോലെ പ്രിയപ്പെട്ടവർ. കുടുംബാംഗങ്ങൾ തന്നെ. എല്ലാവരുടെ ഓർമ്മയിലുമുണ്ടാകില്ലേ ഇങ്ങനെയൊരു ഓമനമൃഗം? ഇതേ പോലെ വീട്ടിൽ അന്നം കൊടുത്ത് വളർത്തുനായയെ ആണ് ഇന്നലെ എറണാകുളത്ത് അയാൾ കാറിൻമേൽ കയറിട്ട് കെട്ടി നടുറോഡിലൂടെ ഓടിച്ചത്.
വലിയ മൃഗസ്‌നേഹം പറയാനോ, ഞെട്ടൽ രേഖപ്പെടുത്താനോ ശപിക്കാനോ ഒന്നുമില്ല. അബദ്ധത്തിൽ ആ വീഡിയോ കണ്ട് പോയ നേരം മുതൽ കണ്ണ് നിറഞ്ഞൊഴുകുന്നത് മാത്രമറിയുന്നുണ്ട്. "നായയെ ഒഴിവാക്കാൻ വേണ്ടി ചെയ്‌തതാണ്" എന്നാണത്രേ മൊഴി !! തക്കതായ ശിക്ഷ നൽകണമെന്ന് പറയാം, എന്ത് ശിക്ഷ കിട്ടാനാണിവിടെ. ആ പാവം ജീവി പിടഞ്ഞ് പായുമ്പോൾ സഹായിക്കാനെന്നോണം കൂടെ ഓടി നോക്കിയ ഒരു തെരുവുനായയെ കണ്ടിരുന്നോ? അതിനുള്ള സഹാനുഭൂതി പോലും ചുറ്റുമുള്ള മനുഷ്യർക്കോ നിയമങ്ങൾക്കോ ഇല്ലല്ലോ.
അയാള് ആ കാറിൻമേലേക്ക് അതിനെ കെട്ടിയപ്പഴും അത് വാലാട്ടിക്കാണില്ലേ? കണ്ണിലേക്ക് നോക്കി അതിന്റെ ഭാഷയിൽ ഇഷ്‌ടത്തോടെ മുരണ്ട് കാണില്ലേ?
എന്ത് തരം നികൃഷ്‌ടജന്തുക്കളാണ് നമുക്കിടയിൽ മനുഷ്യരൂപം പൂണ്ട് നടക്കുന്നത് !
നശിച്ച ലോകം.
Dr. Shimna Azeez
https://www.facebook.com/Malayalivartha