ഇതൊന്നൊന്നര ചെയ്ത്തായിപ്പോയി... പിണറായി വിജയനെ പറപറപ്പിക്കാന്‍ മുഖ്യമന്ത്രി കുപ്പായം തയ്ച്ചിരുന്ന രമേശ് ചെന്നിത്തലയുടെ കാലിടറി; ഇടതു മുന്നണി മിന്നല്‍ പിണറായപ്പോള്‍ ഐക്യമുന്നണി ഐക്യമില്ലാ മുന്നണിയായി; 10 ജില്ലകള്‍ പിടിച്ച് ഇടതു മുന്നേറ്റം, 5 കോര്‍പറേഷന്‍ ഭരിക്കും; തമ്മില്‍ തല്ലി കോണ്‍ഗ്രസ്

നാല് വര്‍ഷം നന്നായി ഭരിച്ച ശേഷം പ്രതിപക്ഷത്തിന്റേയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും മാധ്യമങ്ങളുടേയും രൂക്ഷമായ ആക്രമണത്തില്‍ പിണറായി വിജയന്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. യുഡിഎഫ് ആകട്ടെ തകര്‍ന്ന് തരിപ്പണമായി. സംസ്ഥാനത്ത് തുടര്‍ഭരണ പ്രതീക്ഷ ശക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മിന്നല്‍ജയമാണ് ഉണ്ടായിരിക്കുന്നത്. ഇത് പ്രത്യേകിച്ചും പിണറായി വിജയന്റെ കൂടി വിജയമാണ്.
ശക്തികേന്ദ്രങ്ങളില്‍പ്പോലും യു.ഡി.എഫ് പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ എല്‍.ഡി.എഫ് മുന്നേറ്റം ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ തരംഗമായി. നേരിയ ഇടിവ് നഗരമേഖലകളില്‍ മാത്രം. ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയ അഴിമതി ആരോപണങ്ങളില്‍ നേട്ടം പ്രതീക്ഷിച്ച എന്‍.ഡി.എയ്ക്ക് 2015 നേക്കാള്‍ കൈവന്നത് നേരിയ മുന്‍തൂക്കം. സ്വര്‍ണക്കടത്തു കേസ് ഉള്‍പ്പെടെ ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷം പ്രയോഗിച്ച ആയുധങ്ങളൊന്നും സര്‍ക്കാരിന്റെ വികസന രാഷ്ട്രീയത്തിനു മുന്നില്‍ ഏശിയില്ല.
ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമായി. കാല്‍നൂറ്റാണ്ടിനു ശേഷമാണ് എല്‍.ഡി.എഫ് കോട്ടയം പിടിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ തര്‍ക്കത്തിന്റെ പേരില്‍ ജോസിനെ പുറത്താക്കിയതിന് യു.ഡി.എഫിന് നല്‍കേണ്ടിവന്നത് കനത്ത വിലയാണ്. പി.ജെ. ജോസഫിനാകട്ടെ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
ജില്ലാ പഞ്ചായത്തില്‍ ഇടതു തരംഗംതന്നെയുണ്ടായി. 2015 ല്‍ ഏഴു വീതം ജില്ലാ പഞ്ചായത്തുകള്‍ ഇരു മുന്നണികളും പങ്കിട്ടപ്പോള്‍ ഇത്തവണ 10 ജില്ലാ പഞ്ചായത്തുകള്‍ നേടിയ ഇടതു മുന്നണി യു.ഡി.എഫിനെ രണ്ടിലൊതുക്കി. വയനാട്ടിലും കാസര്‍കോട്ടും ഒപ്പത്തിനൊപ്പം. ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന് 108, യു.ഡി.എഫിന് 44. 2015ല്‍ ഇത് യഥാക്രമം 90 61 ആയിരുന്നു.
ഗ്രാമപഞ്ചായത്തുകളില്‍ ഇടതു മേല്‍ക്കോയ്മയിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. എല്‍.ഡി.എഫിന് 515 യു.ഡി.എഫിന് 376.
ആറ് കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും ഇടത്തുറച്ചു. എറണാകുളം തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ നിര്‍ണായക ശക്തിയായ വിമതരുടെ പിന്തുണ ലഭിക്കുന്നതോടെ എല്‍.ഡി.എഫിന് അഞ്ച് കോര്‍പ്പറേഷനുകള്‍ കൈയിലാകും. കഴിഞ്ഞ തവണ എല്‍.ഡി.എഫ് 4, യു.ഡി.എഫ് 2 എന്നായിരുന്നു സ്ഥിതി.
മുനിസിപ്പാലിറ്റികളില്‍ യു. ഡി. എഫ് മുന്നേറ്റം86 മുനിസിപ്പാലിറ്റികളില്‍ 45 ഇടത്ത് ജയിച്ച യു.ഡി.എഫിന് എല്‍.ഡി.എഫിനെ 35ല്‍ തളച്ചിടാനായതാണ് ഏക ആശ്വാസം. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഏറ്റവും വലിയ കക്ഷിയായി ഭരണം നേടിയ ബി.ജെ.പി പന്തളം മുനിസിപ്പാലിറ്റിയും വലിയ മാര്‍ജിനില്‍ പിടിച്ചു.
കഴിഞ്ഞ തവണ തിരുവനന്തപുരവും കൊല്ലവും തൃശൂരും കോഴിക്കോടും കോര്‍പറേഷന്‍ ഭരണം പിടിച്ച എല്‍.ഡി.എഫിന് ഇക്കുറി തൃശൂരില്‍ ഭൂരിപക്ഷം കിട്ടയില്ല. എല്‍.ഡി.എഫ് 24, യു.ഡി.എഫ് 23 ആണ് സീറ്റു നില. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ഭരണം നിലനിറുത്താനാണ് ശ്രമം. എന്നാല്‍, യു.ഡി.എഫ് കോട്ടയായ എറണാകുളം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ അവരെ ഇടതുമുന്നണി വിറപ്പിച്ചു. 34 സീറ്റ് നേടിയ എല്‍.ഡി.എഫിന് ഇടതു വിമതന്റെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടാം. യു.ഡി.എഫിന് 31 സീറ്റേയുള്ളൂ.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനിറങ്ങിയ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 2015ലെ 35ല്‍ ഒതുങ്ങി. എന്നാല്‍, കേവലഭൂരിപക്ഷമായ 51 സീറ്റുമായി എല്‍.ഡി.എഫ് ആധിപത്യം തിരിച്ചുപിടിച്ചു. കൊല്ലത്ത് രണ്ടില്‍ നിന്ന് ആറിലേക്കും എറണാകുളത്ത് രണ്ടില്‍ നിന്ന് അഞ്ചിലേക്കും സീറ്റുയര്‍ത്തിയ ബി.ജെ.പി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്നു.
ഇടതുമുന്നണിയുടെ ശക്തമായ വിജയം ചെന്നിത്തലയുടേയും കൂട്ടരുടേയും സാധ്യത മങ്ങുകയാണ്. മാത്രമല്ല കോണ്‍ഗ്രസില്‍ പഴയതുപോലെ അടിയും തുടങ്ങി.
" f
https://www.facebook.com/Malayalivartha