ഇന്ത്യൻ നേവിയിൽ ഓഫീസർ ഇപ്പോൾ അപേക്ഷിക്കാം 260 ഒഴിവുകൾ അപേക്ഷാ ഫീസ് ഇല്ല

സായുധ സേനയിൽ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2027 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിലേക്കുള്ള എൻട്രിയാണിത്. എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ എന്നീ മൂന്ന് പ്രധാന ബ്രാഞ്ചുകളിലായി ആകെ 260 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്. രാജ്യസേവനത്തിനൊപ്പം അന്തസ്സുള്ള കരിയറും ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ജലമാർഗ്ഗം ആക്രമിക്കാൻ സാധ്യതയുള്ള ശത്രുക്കളിൽ നിന്ന് തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അവരുടെ പ്രധാന കർത്തവ്യം. ലോകത്തിലെ ഏറ്റവും ശക്തമായ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യൻ നാവികസേന. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാവിക സേന നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു; ഉയർന്ന തീവ്രതയുള്ള യുദ്ധം മുതൽ മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വരെ. ഒരു ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനാകാൻ, ഒരാൾ അങ്ങേയറ്റം ആത്മാർത്ഥതയും, ധൈര്യവും, ദേശസ്‌നേഹവും, ധീരതയും ഉള്ളവനായിരിക്കണം.
ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിരാട്, ഐഎൻഎസ് വിക്രാന്ത് എന്നിവ ഇന്ത്യൻ നാവികസേന വിന്യസിച്ചിട്ടുള്ള ചുരുക്കം ചില പ്രശസ്ത നാവിക കപ്പലുകളാണ്.
എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ജനറൽ സർവീസ്, എയർ ട്രാഫിക് കൺട്രോൾ, പൈലറ്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലായി 155 ഒഴിവുകളുണ്ട്. ടെക്നിക്കൽ ബ്രാഞ്ചിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി 87 ഒഴിവുകളും എഡ്യൂക്കേഷൻ ബ്രാഞ്ചിൽ 18 ഒഴിവുകളുമാണുള്ളത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 24 വരെയാണ്. അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾ 2002 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
അടിസ്ഥാന യോഗ്യതകൾ: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് പൂർത്തിയാക്കിയവർക്കാണ് കൂടുതൽ അവസരങ്ങൾ. എഡ്യൂക്കേഷൻ ബ്രാഞ്ചിലേക്ക് അപേക്ഷിക്കാൻ എം.എസ്.സി, എം.എ തുടങ്ങിയ ബിരുദാനന്തര ബിരുദങ്ങളും പരിഗണിക്കും. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും നിശ്ചിത നിബന്ധനകളോടെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് എങ്ങനെ?
ഉദ്യോഗാർത്ഥികളുടെ അക്കാദമിക് മികവ് പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും. തുടർന്ന് സർവീസ് സെലക്ഷൻ ബോർഡ് (SSB) നടത്തുന്ന അഞ്ച് ദിവസത്തെ ഇന്റർവ്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ വിളിക്കും. ഭൗതികവും മാനസികവുമായ മികവ് പരിശോധിക്കുന്ന ഈ ഘട്ടം വിജയിക്കുന്നവർക്ക് കടുത്ത മെഡിക്കൽ പരിശോധനകൾ ഉണ്ടായിരിക്കും. തുടർന്ന് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരം ഐഎൻഎ (INA) എഴിമലയിൽ പരിശീലനം ആരംഭിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾക്ക് www.joinindiannavy.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. യാതൊരു വിധത്തിലുള്ള അപേക്ഷാ ഫീസും നൽകേണ്ടതില്ല എന്നതാണ് ഈ എൻട്രിയുടെ പ്രത്യേകത. അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ നേരത്തെ തന്നെ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വെക്കുക.
https://www.facebook.com/Malayalivartha

























