ഇത്തവണ വേറെ ലെവല്‍കളി... വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഒരുമുഴം മുമ്പേ തുടങ്ങാനുറച്ച് ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി രണ്ട് തവണ കേരളത്തിലെത്തും; കേരള യാത്രയ്ക്ക് കെ. സുരേന്ദ്രന്‍; ജയിക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ നേതാക്കളെ തോല്‍പ്പിക്കാനായി മാസ്റ്റര്‍ പ്ലാന്‍; ഇത്തവണ ബിജെപി തലവേദനയാകും

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. സംസ്ഥാന കോണ്‍ഗ്രസിലെ അടി തീര്‍ന്നിട്ടില്ല. അതിനിടയ്ക്ക് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഡയല്‍ഹിയില്‍ പോയി ബിജെപി കേന്ദ്ര നേതൃത്വത്തെ കണ്ട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ കേരളത്തിലെത്തും.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളിനാണ് ബി.ജെ.പി കേന്ദ്രനേതൃത്വം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും, കേരളത്തിനും മതിയായ പരിഗണന നല്‍കും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തുന്ന രണ്ടാഴ്ചത്തെ കേരള യാത്ര ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഒരു ദിക്കില്‍ നിന്ന് മറ്റൊരു ദിക്കിലേക്ക് എന്നതിന് പകരം, 15 ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും പരിപാടികള്‍. ഒരു ദിവസം തന്നെ പദയാത്ര, ജനസമ്പര്‍ക്കം, റോഡ് ഷോ, പൊതുയോഗങ്ങള്‍, ഹാള്‍ മീറ്റിംഗുകള്‍ എന്നിവ വിവിധ സ്ഥലങ്ങളിലായി നടത്തും.
ചിലയിടങ്ങളില്‍ മൂന്നോ നാലോ നിയോജകമണ്ഡലങ്ങളില്‍ ഒരു പരിപാടിയായിരിക്കും . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പലയിടങ്ങളിലായി സുരേന്ദ്രന്റെ യാത്രയില്‍ അണിചേരും. പതിനൊന്നിന് തൃശൂരില്‍ ചേരുന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗം വിശദാംശങ്ങള്‍ തീരുമാനിക്കും.
ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം, മലബാറിലെ ജയസാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ പ്രമുഖരെ പരാജയപ്പെടുത്താന്‍ ശ്രമിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. എന്നാല്‍, ബി.ജെ.പി സ്വന്തം വോട്ട് ഉയര്‍ത്തുമ്പോള്‍ ജയിക്കുന്നവര്‍ ജയിക്കുകയും, തോല്‍ക്കുന്നവര്‍ തോല്‍ക്കുകയും ചെയ്യട്ടെ എന്നതാണ് പൊതു നിലപാട്.
സര്‍ക്കാരിന്റെ അഴിമതിയും സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണു രണ്ടാഴ്ചത്തെ കേരള യാത്ര സംഘടിപ്പിക്കുന്നത്. സമുദായ നേതാക്കളുമായും പ്രമുഖരുമായും യാത്രയ്ക്കിടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയും ലക്ഷ്യമിടുന്നു. യാത്ര കടന്നുപോകേണ്ട സ്ഥലങ്ങളും തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയ സ്ഥലങ്ങളിലും വോട്ടുവിഹിതം വര്‍ധിച്ചയിടങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കും. സംസ്ഥാന നേതാക്കള്‍ മണ്ഡലങ്ങളില്‍ തങ്ങി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. തെരഞ്ഞെടുപ്പിനു മുന്‍പ് പുതിയ ഘടകക്ഷികള്‍ വരാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല.
പ്രധാന നേതാക്കള്‍ക്കൊപ്പം സമൂഹത്തിലെ പ്രമുഖരെയും മത്സരരംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകാനാണു സാധ്യത. അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണ്. ഒ.രാജഗോപാല്‍ ഇത്തവണ മത്സരരംഗത്തുണ്ടാകാനിടയില്ല. അങ്ങനെയെങ്കില്‍ ആ സീറ്റില്‍ കെ.സുരേന്ദ്രനോ കുമ്മനം രാജശേഖരനോ മത്സരിച്ചേക്കും. അങ്ങനെ എന്ത് കൊണ്ടും ഇത്തവണ ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ബിജെപി.
"
https://www.facebook.com/Malayalivartha