കേരളത്തിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...

കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലും അതിശക്തമായ മഴയാണ്. പലയിടത്തും ജന ജീവിതം ദുഃസഹമായിരിക്കുകയാണ്. വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. വരുന്ന നാല് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് കണ്ണൂർ ചെറുപുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായമില്ല. കണ്ണൂരിന്‍റെ മലയോരത്ത് ശക്തമായ മഴ തുടരുന്നു.
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുന്നു. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും.
അതേസമയം എറണാകുളത്തും കൊച്ചി നഗരത്തിലും പെരുമഴപ്പെയ്ത്തായിരുന്നു. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നുപോയി. വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വൻ ഗതാഗതക്കുരുക്കുണ്ടായി.
അതേസമയം തിരുവനന്തപുരത്തും മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു.മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതോടെ തിരുവനന്തപുരം- തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസപ്പെട്ടു. ഇളവട്ടം ജങ്ഷനു സമീപത്തുള്ള തോട്ടിൽ നിന്നു വെള്ളം റോഡിലേക്ക് കയറി വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഗതാഗതം താറുമാറായി, ചെറു വാഹനങ്ങൾക്കു പോകാൻ സാധിക്കാതെ സ്ഥിതിയാണ്. വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴിതിരിച്ചു വിട്ടു,വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ് ഏതാണെന്നും തോട് ഏതാണെന്നും അറിയാത്ത അവസ്ഥ അപകട സാധ്യത വർധിപ്പിക്കുകയാണ്.
"
https://www.facebook.com/Malayalivartha