നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്തെത്തും. വൈകുന്നേരം 6.20ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. ശബരിമലയിലേക്ക് നാളെയാണ് പോകുന്നത്. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കലിലേക്ക് തിരിക്കുന്നതാണ്.
തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഷ്ട്രപതിക്ക് നാളെ വൈകുന്നേരം ഗവർണർ രാജ്ഭവനിൽ അത്താഴ വിരുന്നൊരുക്കും. 23ന് രാവിലെ പത്തിന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണന്‍റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.
ഉച്ചയ്ക്ക് പന്ത്രണ്ടിന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധി ശതാബ്ദി പരിപാടിയിൽ പങ്കെടുക്കുന്നതാണ്. വൈകുന്നേരം മൂന്നരയോടെ ഹെലികോപ്റ്റർ മാർഗം പാലായിലേക്ക് പോകുന്ന രാഷ്ട്രപതി സെന്‍റ് തോമസ് കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
അന്നേ ദിവസം കുമരകത്ത് തങ്ങുന്ന ദ്രൗപദി മുർമു 24ന് എറണാകുളത്ത് സെന്‍റ് തെരേസാസ് കോളേജിന്‍റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം നാലേ കാലോടെ ഡൽഹിക്ക് മടങ്ങും.
https://www.facebook.com/Malayalivartha