വിജയ്‌യുടെ പൊങ്കല്‍ ചിത്രമായ മാസ്റ്റര്‍ ജനുവരി 13ന് എത്തും

തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ പൊങ്കല്‍ ചിത്രമായ മാസ്റ്റര്‍ ജനുവരി 13ന് എത്തും. സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ജനുവരി13 മുതല്‍ തുറക്കാന്‍ തീരുമാനമായത്. വിജയ്ചിത്രത്തിന് ശേഷം മലയാള സിനിമകള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുമെന്ന് ഫിലിംചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിനിമയുടെ മുതല്‍ മുടക്ക് അനുസരിച്ച് റിലീസ് ചെയ്യേണ്ട തിയേറ്ററുകളുടെ എണ്ണം തീരുമാനിക്കുമെന്നും ചേംബര്‍ അറിയിച്ചു. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുണ്ടായത് കുടുംബപ്രശ്‌നമാണെന്നും അത് പൂര്‍ണമായും പരിഹരിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ കൂടികാഴ്ച നടത്തിയിരുന്നു. പിന്നാലെ തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയില്‍ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാന്‍ ഉതകുന്ന രീതിയിലുള്ള ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായത്.
https://www.facebook.com/Malayalivartha


























