പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക പുതപ്പിച്ച സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു; നടപടി നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന്

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക പുതപ്പിച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
നഗരസഭ കൗണ്‍സില്‍ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയില്‍ ബി.ജെ.പിയുടെ കൊടികണ്ടത്. ഇതിന് പിന്നാലെ കൗണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാരെത്തി. പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി. കെ.എസ് യുവും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായെത്തി. പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. നഗരസഭാ അദ്ധ്യക്ഷയെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബി.ജെ.പി അറിവോടെയാണ് കൊടികെട്ടിയതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. സംഭവത്തില്‍ പങ്കില്ലെന്നും സാമൂഹ്യവിരുദ്ധരാണ് കൊടികെട്ടിയതിന് പിന്നിലെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























