ഇങ്ങനെയാവണം സഖാവേ... നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഒരു രക്ഷയുമില്ലാതെ പിണറായി വിജയന്‍ ഗ്ലാമര്‍ കൂട്ടുന്നു; തകര്‍ന്നടിഞ്ഞ യുഡിഎഫിനെ എങ്ങനെ കരകയറ്റാനാകുമെന്ന ചര്‍ച്ച നടക്കുന്നതിനിടെ നിര്‍ണായക തീരുമാനമെടുത്ത് പിണറായി; സിനിമാ ലോകത്ത് നിന്നും മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന്റെ കാരണം അന്വേഷിച്ച് പോയ യുഡിഎഫ് ഇപ്പോഴും ഉയര്‍ത്തെഴുന്നേറ്റിട്ടില്ല.
മുഖ്യമന്ത്രി കുപ്പായം തച്ചിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മന്‍ ചാണ്ടിയോടും കുപ്പായം തയ്പ്പിച്ചോളാനാണ് കുഞ്ഞാലിക്കുട്ടിയും മറ്റും പറയുന്നത്. ഇങ്ങനെ നിലനില്‍പ്പിനായി ചെന്നിത്തല പൊരുതുമ്പോള്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന പിണറായി വിജയന്‍ ഒരു രക്ഷയുമില്ലാതെ മുന്നേറുകയാണ്. നിര്‍ണായക സമയത്ത് നിര്‍ണായക തീരുമാനമെടുത്ത മുഖ്യമന്ത്രിക്ക് പല മേഖലയില്‍ നിന്നും കൈയ്യടി ഉയരുകയാണ്.
ഇപ്പോഴിതാ വിനോദ നികുതിയിലടക്കം ഇളവുകള്‍ പ്രഖ്യാപിച്ച് സിനിമാ മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന നടപടിയില്‍ മുഖ്യമന്ത്രിക്ക് സിനിമാ താരങ്ങങ്ങളുടെ അഭിനന്ദന പ്രവാഹമാണ്.
മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍, എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ടുവന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്ന് മമ്മൂട്ടിയും കുറിച്ചു.
പൃഥ്വിരാജ്, ദിലീപ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്. ആസിഫ്അലി, ടൊവീനോ തോമസ്, മഞ്ജുവാര്യര്‍, റിമാ കല്ലിങ്കല്‍, സംവിധായകരായ രഞ്ജിത്, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരും നന്ദി അറിയിച്ചു.
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതാണ് വലിയ കൈയ്യടി നേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് യോഗം കൂടി തീരുമാനമെടുത്തത്.
തകര്‍ന്നടിഞ്ഞ സിനിമാ മേഖലയെ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.
ജനുവരി അഞ്ച് മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എന്തായാലും സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം മുഖ്യമന്ത്രിയുടെ പ്രശസ്തി സംസ്ഥാനം കടന്നിട്ടുണ്ട്. ഇതോടെ അങ്കലാപ്പിലായിരിക്കുന്നത് പ്രതിപക്ഷമാണ്.
"
https://www.facebook.com/Malayalivartha






















