ആദ്യം നിയമിക്കില്ല... പിന്നെ മാനുഷിക പരിഗണന കരുതി നിയമിക്കാം... താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നാടാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തൽ ശുപാർശകൾ...

ധനവകുപ്പിന്റെ മറുപടി ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി സ്ഥിരപ്പെടുത്തലിന്റെ തടസ്സങ്ങൾ അന്ന് ഒരോന്നായി നിരത്തിയത്. കർശന സ്വഭാവത്തിലുള്ള ഉത്തരവ് മറികടന്നാൽ കോടതി അലക്ഷ്യമാകുമെന്നും മന്ത്രി എടുത്തു പറഞ്ഞു. എന്നാൽ, 2019ൽ സർക്കാരിന്റെ ഭരണകാലയളവ് കഴിയാറായപ്പോൾ നിലപാട് ആകെ തകിടം മറിഞ്ഞു. മാനുഷിക പരിഗണന കണക്കിലെടുത്ത് നമുക്ക് ആ താത്കാലിക ജീവനക്കാർക്കാരെ അങ്ങ് സ്ഥിരപ്പെടുത്താമെന്നാണ് സർക്കാിന്റെ ഇപ്പോഴത്തെ നിലപാട്.
സർക്കാർ സൂചിപ്പിക്കുന്ന ഉമാദേവി കേസ് എന്താണെന്നു കൂടി നമുക്കൊന്ന് പരിശോധിക്കാം!
സംസ്ഥാനത്തെ കരാർ നിയമന സ്ഥിരപ്പെടുത്തലിനായി സർക്കാർ കണക്കിലെടുക്കുന്ന ഉമാദേവി കേസ് 2006 ഏപ്രിൽ 10-നാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പുറപ്പെടുവിച്ചത്. ഈ വിധിയുടെ വ്യവസ്ഥകൾ പാലിച്ചു മാത്രമേ സ്ഥിരപ്പെടുത്തൽ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട്.
താത്കാലിക നിയമനം ലഭിച്ചവർ ആ തസ്തികയ്ക്ക് പൂർണ യോഗ്യതയുള്ളവർ ആയിരിക്കണം. അംഗീകൃത തസ്തികയിലേക്കായിരിക്കണം നിയമനം. കുറഞ്ഞത് തുടർച്ചയായ 10 വർഷ സർവീസ് ഉണ്ടായിരിക്കണം. ഇതു കോടതി ഉത്തരവുകളുടെ ബലത്തിലുള്ളതാകരുത്. 2006 ഏപ്രിൽ 10-നുള്ളിൽ പത്തു വർഷത്തെ സേവന കാലയളവ് ഉണ്ടായിരിക്കണം. അതായത് 1996 ഏപ്രിൽ 10-ന് മുമ്പ് താത്കാലിക നിയമനം നേടിയവർക്ക് മാത്രമേ സുപ്രീംകോടതി വിധിയുടെ പരിരക്ഷയിൽ സ്ഥിരനിയമനം അവകാശപ്പെടാനാകുകയുള്ളൂ എന്നവിയാണ് കേസിലെ പ്രധാന വ്യവസ്ഥകൾ.
എന്നാൽ, 10 വർഷം പൂർത്തിയാക്കിയവരെയെല്ലാം സുപ്രീംകോടതിയുടെ ഉമാദേവി കേസ് വിധിയുടെ അടിസ്ഥാനത്തിൽ നിയമിക്കാൻ കഴിയില്ല. പ്രസ്തുതകേസ് പരിഗണിച്ചു കൊണ്ട് 10 വർഷം പൂർത്തീകരിച്ചവരെ സ്ഥിരപ്പെടുത്തുന്നതിന് ഒറ്റത്തവണ മാത്രമാണ് കോടതി അവസരം നൽകിയിട്ടുള്ളത്. ഈ രീതിയിൽ വീണ്ടും സ്ഥിരപ്പെടുത്തൽ നടത്തരുതെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. വിധിപകർപ്പ് പരിശോധിച്ച നിയമവകുപ്പ് ഇക്കാര്യം സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. നിയമോപദേശത്തിന്റെ പകർപ്പ് ധന അഡീഷണൽ ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്കും കൈമാറിയിരുന്നു.
ഇവ നിലനിൽക്കേ, നമ്മുടെ വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറയുന്നതിങ്ങനെയാണ്; പത്ത് വർഷക്കാലം തുടർച്ചയായി ജോലി ചെയ്ത എല്ലാ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണം എന്നത് ഈ സർക്കാരിന്റെ തീരുമാനമാണ്. തൊഴിൽ രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്ഥാപനത്തിൽ പത്തും പതിനഞ്ചും വർഷം ജോലി ചെയ്തവരെ പിരിച്ചുവിടാൻ പറ്റുമോ? അവരുടെ കുടുംബം തകർക്കുന്നത് ശരിയാണോ എന്നും സ്ഥിരപ്പെടുത്തിയില്ലെങ്കിൽ അവർക്ക് പെൻഷനോ പി.എഫ്. ആനുകൂല്യങ്ങളോ ലഭിക്കുമോ എന്നും ചിന്തിക്കണം എന്ന ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അവരെ ആ ജോലിയിൽ സ്ഥിരിപ്പെടുത്തുകയാണ് അതിനുള്ള ഏക പരിഹാരമാർഗം. ഇവരെയെല്ലാം ഈ സർക്കാർ നിയമിച്ചതല്ല. ഇക്കൂട്ടത്തിൽ മുൻ സർക്കാരുകളുടെ കാലത്തടക്കം നിയമിച്ചവരുണ്ട്. അവരെയെല്ലാം രക്ഷിക്കാനുള്ള ചുമതല സർക്കാരിനാണെന്നും അദ്ദേഹം പറയുന്നു. ഈ തസ്തികകൾ പി.എസ്.സി. നിയമനം നടത്തുന്നവയല്ല മറിച്ച് ഇതെല്ലാം താത്കാലിക കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കുള്ളതാണെന്നും പി.എസ്.സി.ക്ക് വിടേണ്ട തസ്തികകളിലൊന്നും ഇങ്ങനെ നിയമനം നടത്താനാകില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നാടാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തൽ ശുപാർശകളാണ്. പി.എസ്.സി.ക്ക് നിയമനച്ചുമതല കൈമാറിയ സ്ഥാപനങ്ങൾ മുതൽ പൊതുമേഖലാസ്ഥാപനങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. വിവിധ കാലങ്ങളിൽ അന്നത്തെ സർക്കാരുകളുടെയും ഭരണാധികാരികളുടെയും പിൻബലത്തിൽ നിയമനം നേടിയവരാണ് ഇക്കൂട്ടത്തിൽ പെടുന്നവർ. സ്ഥിരനിയമനത്തിനുള്ള സേവനകാലയളവ് പൂർത്തിയാക്കാത്തവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സംവരണവ്യവസ്ഥകൾ പാലിക്കാതെ നിയമനം നേടിയവരാണ് ഇപ്പോൾ സ്ഥിരനിയമനം കാത്തിരിക്കുന്നത് എന്നത് എന്ത് വിരോധാഭാസമാണ്.
https://www.facebook.com/Malayalivartha
























