രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണത്തിലും കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തിലെ സ്ഥിതി മോശം... വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ കേരളം തന്നെയാണ് ഒന്നാമത്...

കൊറോണയെന്ന ഭീകരൻ നമ്മളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഒരു കൊല്ലത്തോളമായെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് ഫലം കണ്ട് തുടങ്ങിയത് ഈയടുത്താണ്.
മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകിയും കൊവിഡ് എന്ന മഹാമാരിയെ നമ്മൾ ഏറെകുറേ പ്രതിരോധിച്ചു.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ നമ്മളെ സന്തോഷിപ്പിക്കുകയും കൂടാതെ ആശങ്കയിലാക്കുകയും ചെയ്യുന്നുണ്ട്. കാരണം, രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണത്തിലും കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തിലെ സ്ഥിതി വഷളായി കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണത്തിനും പ്രതിദിന കേസുകൾക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് ഒന്നാമതായി നിൽക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത 78 മരണങ്ങളിൽ പതിനാറും കേരളത്തിലാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. 20.51 %ത്തോളം മൊത്തം മരണം അര ലക്ഷത്തോളം പിന്നിട്ട മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ഇന്നലെ മഹാരാഷ്ട്രയിൽ 35 മരണവും കേരളത്തിൽ 19 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ ചികിത്സയിൽ കഴിയുന്നവരിലും നമ്മൾ മുന്നുൽ തന്നെയാണുള്ളത്. രാജ്യത്തു കോവിഡ് ചികിത്സയിൽ തുടരുന്നവരിൽ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിൽ കഴിയുന്നത് 1,43,625 പേരാണ്. ഇതിൽ 65,670 പേർ കേരളത്തിലും 35,991 പേർ മഹാരാഷ്ട്രയിലുമാണുള്ളത്. രാജ്യത്തെ 71 %ത്തോളം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണുള്ളത്.
സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ച 5,214 പേരിൽ 4,788 പേർക്കും വൈറസ് ബാധിച്ചതു സമ്പർക്കത്തിലൂടെയാണ്. 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തു നിന്നു വന്ന 61 പേരും 29 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.
69,844 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47%. ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവായപ്പോൾ 1,179 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ 19 മരണമാണ് റിപ്പോർട്ട് ചെയ്തത് ഇതോടെ ആകെ മരണം 3,902 ആയി ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയാക്കി പുതുക്കി. മുൻപ് 1,500 രൂപയായിരുന്നതാണ് ഇപ്പോൾ 200 രൂപയായി ഉയർത്തിയത്.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണു നിരക്കു പുതുക്കിയതെന്നു മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതു പോലെ തന്നെ തുടരും. എക്‌സ്‌പേർട്ട് നാറ്റ്– 2,500 രൂപ, ട്രൂനാറ്റ്– 1,500 രൂപ, ആർടി ലാംപ്– 1,150 രൂപ, ആന്റിജൻ ടെസ്റ്റ്– 300 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
"
https://www.facebook.com/Malayalivartha
























