ഏത് സ്ഥാനം വഹിക്കാനും അദ്ദേഹം യോഗ്യനാണ്, ഇ ശ്രീധരന്റെ മോഹങ്ങള്‍ നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏത് സ്ഥാനം വഹിക്കാനും ഇ ശ്രീധരന്‍ യോഗ്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന ഇ ശ്രീധരന്റെ പ്രസ്താവനയുടെ പ്രതികരണം എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഇ ശ്രീധരന്‍ മഹാനായ വ്യക്തിയാണ്. രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ഏത് സ്ഥാനം വഹിക്കാനും യോഗ്യനാണ് അദ്ദേഹം. രാജ്യം മുഴുവന്‍ ആദരിക്കുന്ന ടെക്‌നോക്രാറ്റാണ് അദ്ദേഹം. ശ്രീധരന്റെ മോഹങ്ങള്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബി ജെ പിയില്‍ അംഗത്വമെടുത്ത മെട്രോമാന്‍ ഇ ശ്രീധരന്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും തന്റെ വരവോടെ ബി ജെ പി യിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുമെന്നും പ്രസ്താവിച്ചത്. മാത്രവുമല്ല തന്റെ ബി ജെ പി പ്രവേശനത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഇ ശ്രീധരന്‍ ഉന്നയിച്ചു വന്നിരുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി ഏകാധിപതി ആണെന്നും മോശ ഇമേജുള്ള പാര്‍ട്ടിയാണ് സി പി എം എന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha
























