നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്

ഇരിപ്പിടമില്ലാതെ രണ്ട് മണിക്കൂര്‍ നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍. ഒഡീഷയിലെ സാംബല്‍പൂര്‍ ജില്ലയിലെ ജമദാര്‍പാലി എയര്‍സ്ട്രിപ്പിലാണ് സംഭവം. ഹോംഗാര്‍ഡ് തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഉദ്യോഗാര്‍ത്ഥികള്‍ നിലത്തിരുന്നെഴുതിയത്. രണ്ട് മണിക്കൂറായിരുന്നു പരീക്ഷയുടെ സമയപരിധി. പരീക്ഷയിലെ അച്ചടക്കം നിരീക്ഷിക്കുന്നതിനായി അധികൃതര്‍ ഡ്രോണ്‍ സംവിധാനം വിന്യസിച്ചു. ആള്‍ത്തിരക്ക് നിയന്ത്രിക്കുന്നതിനായി മൂന്ന് എഎസ്പിമാര്‍, 24 ഇന്‍സ്‌പെക്ടര്‍മാര്‍, 86 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 100 ഹോം ഗാര്‍ഡ്‌സ് തുടങ്ങിയവരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
ഹോം ഗാര്‍ഡ് തസ്തികയിലേക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണ്. എന്നാല്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളില്‍ അധികം പേരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു. സാംബല്‍പൂര്‍ ജില്ലയിലുടനീളമുള്ള 8,000ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയിലെ ആകെ ഒഴിവുകളുടെ എണ്ണം 187 ആണ്. ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍ എംബിഎ പാസായവര്‍ തുടങ്ങിയവര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഇത് സംസ്ഥാനം നേരിടുന്ന തൊഴിലവസരങ്ങളുടെ കടുത്ത ക്ഷാമത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ എയര്‍സ്ട്രിപ്പില്‍ ഇരിക്കുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നു. ഡെസ്‌കോ ബഞ്ചോ നല്‍കാതെ നിലത്തിരുത്തി ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയെഴുതിച്ചത് വിവാദങ്ങള്‍ക്ക് കാരണമായി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിലുള്ള സര്‍ക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























