സമരം പുതിയ ഘട്ടത്തിലേക്ക്; തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ഇളയ കുട്ടി മരിച്ച മാര്‍ച്ച് നാലിന് നൂറുപേര്‍ എറണാകുളത്ത് തലമുണ്ഡനം ചെയ്യും

തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം പുതിയ ഘട്ടത്തിലേക്ക്.എല്ലാ ജില്ലകളിലും സര്‍ക്കാറിനെതിരെ പ്രചാരണം നടത്തും. ഇളയ കുട്ടി മരിച്ച മാര്‍ച്ച് നാലിന് നൂറുപേര്‍ എറണാകുളത്ത് തലമുണ്ഡനം ചെയ്യും. നീതിക്കായി പല തരത്തിലുള്ള സമരങ്ങളും നടത്തിയതാണ്.
അവസാനമാണ് ഇത്രയും കാലം ശരീരത്തിന്‍റെ ഭാഗമായിരുന്ന മുടി മുറിച്ചുകളഞ്ഞ് പ്രതിഷേധിക്കാം എന്ന് തീരുമാനിച്ചത്. പെണ്‍കുട്ടികള്‍ അവസാനമായി ധരിച്ച വസ്ത്രങ്ങളും കാലിലണിഞ്ഞ പാദസരങ്ങളും ചെരിപ്പും നെഞ്ചോട് ചേര്‍ത്തുകൊണ്ട് ആ അമ്മ തന്‍റെ മുടി മുറിക്കാന്‍ ഇരുന്നു.
കണ്ണീരണിഞ്ഞ് ആ അമ്മ പറഞ്ഞത് ഒന്ന് മാത്രം. തന്‍റെ ഗതി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്. ഒരു മാസമായി നടന്നുവന്ന സത്യഗ്രഹ സമരപന്തലിലാണ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ സമരം അവസാനിപ്പിച്ച് അടുത്ത ഘട്ട പ്രചാരണത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചത്. അവര്‍ക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തകരായ സലീന പ്രക്കാനവും ബിന്ദു കമലനും കൂടി തല മുണ്ഡനം ചെയ്തു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സര്‍ക്കാറിനെതിരെ എല്ലാ ജില്ലകളിലും പ്രചാരണം നടത്തും. സര്‍ക്കാറിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തന്നെ നേരിട്ട് സമരം നടത്തുന്നത് സംസ്ഥാന സര്‍ക്കാറിനും, എല്‍.ഡി.എഫിനും വലിയ തിരിച്ചടിയാകും. പ്രതിപക്ഷവും സമരം ഏറ്റെടുത്തു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്, രമ്യ ഹരിദാസ് എം.പി തുടങ്ങി പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ സമരപന്തലിലെത്തി. മുറിച്ച മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കും.
https://www.facebook.com/Malayalivartha