പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

കേരള രാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകൾക്കിടയാക്കുന്ന നീക്കമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്നും, പാർലമെന്ററി പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തെന്ന് സ്പീക്കറെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്. ഇനി അദ്ദേഹം സഭയിൽ എത്തുകയാണെങ്കിൽ, തന്നെ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കോൺഗ്രസ് തീരുമാനം സഭ ചേരുന്നതിനു തലേന്നു മാത്രമേ ഉണ്ടാകാനിടയുള്ളൂ.
അദ്ദേഹം മാറി നിൽക്കുകയാണ് പ്രതിപക്ഷത്തിനു നല്ലതെന്ന വാദത്തിനാണ് കോൺഗ്രസിൽ മുൻതൂക്കം. രാഹുലിന്റെ നിലപാടും ഇക്കാര്യത്തിൽ പരിഗണിക്കും. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ആർക്കും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും അത് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാത്ത രാഹുൽ സമൂഹമാധ്യമത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ചേലക്കരയിലെ വിദ്യാർഥി സംഘർഷത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട കെഎസ്‍യു നേതാക്കളെ പൊലീസ് തല മൂടിക്കെട്ടി കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചാണ് കുറിപ്പിട്ടത്.
അതേസമയം വിവാദ വിഷയങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുന്നില്ലെന്ന ഒരു വിഭാഗം നേതാക്കളുടെ വിമർശനത്തിനിടെ 15നു കെപിസിസി നേതൃയോഗം വിളിക്കാൻ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിലെ ആദ്യദിവസത്തെ നടപടിക്രമങ്ങൾക്കുശേഷം ഇന്ദിരാഭവനിലാണു യോഗം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് മയപ്പെടുത്താതെ ആണ് പ്രതിപക്ഷ നേതാവിന്റെ നീക്കം. പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ എന്ന് തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്നത് വരെ രാഷ്ട്രീയ ആകാംക്ഷയായി തുടരും.
https://www.facebook.com/Malayalivartha