നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു;എറണാകുളം ജില്ലയിൽ എട്ട് മണ്ഡലങ്ങളിൽ ട്വന്റി 20 ക്ക് സ്ഥാനാർഥികളായി
നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഇതോടെ എറണാകുളം ജില്ലയിൽ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ട്വന്റി 20 പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ ഡോ. ടെറി തോമസ് ഇടത്തൊട്ടി, എറണാകുളത്ത് പ്രൊഫ. ലെസ്സി പള്ളത്ത്, കൊച്ചിയിൽ ഷൈനി ആന്റണി എന്നിവർ സ്ഥാനാർത്ഥികളാവും.എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്വന്റി 20 രണ്ടാംഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ജില്ലയിലെ 5 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കര, എറണാകുളം കൊച്ചി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിൻ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്.
കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകളുടെ ഭർത്താവാണ് കോതമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ജോസ് ജോസഫ്. ദൃശ്യമാധ്യമ പ്രവർത്തകനായ സി എൻ പ്രകാശാണ് മൂവാറ്റുപുഴ മണ്ഡത്തിലെ സ്ഥാനാർത്ഥി. കുന്നത്തുനാട് ഡോക്ടർ സുജിത്ത് പി സുരേന്ദ്രൻ , പെരുമ്പാവൂരിൽ ചിത്രാ സുകുമാരൻ , വൈപ്പിനിൽ ഡോക്ടർ ജോബ് ചക്കാലയ്ക്കൽ എന്നിവരായിരുന്നു ആദ്യപട്ടികയിലെ സ്ഥാനാർത്ഥികൾ. കിഴക്കമ്പലത്ത് നടപ്പാക്കിയ വികസന മാതൃക വ്യാപിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. എറണാകുളം ജില്ലയിൽ പാർട്ടി അംഗങ്ങളുടെ എണ്ണം രണ്ടാഴ്ചകൊണ്ട് ഏഴുലക്ഷമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.അതെ സമയം കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ജനകീയ മുന്നണി ട്വന്റി 20 യ്ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ രംഗത്ത് വന്നിരുന്നു . നടക്കുന്ന ട്വന്റി 20 യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിലും താരം പങ്കെടുത്തു . തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്നും എങ്കിലും ട്വന്റി 20 യിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ശ്രീനിവാസൻ പ്രതികരിച്ചു.ബിജെപിയിൽ ചേർന്ന 'മെട്രോമാൻ' ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20 യിൽ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങൾ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. വികസനം മുൻനിർത്തി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനിറങ്ങിയ ട്വന്റി-20 നേരത്തെ മത്സരിച്ച സീറ്റുകളിൽ ഭൂരിഭാഗവും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്ത്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വന്‍റി -20 ചീഫ് കോര്‍ഡിനേറ്റർ സാബു ജേക്കബ് പ്രഖ്യാപിച്ചത്. പിന്നാലെ സോഷ്യൽ മീഡിയ വഴിയടക്കം ട്വന്റി-20 അംഗത്വവിതരണമടക്കം നടന്നു. അതേ സമയം ട്വന്റി-20 വലിയ ജനപിന്തുണ നേടുന്നതിൽ ഇടത് -വലത് മുന്നണികൾ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha
























