ലൈഫ് മിഷൻ്റെ പകുതിയോളം വീടുകൾക്ക് പ്രധാനമന്ത്രി ആവാൻ യോജന പ്രകാരമുള്ള സാമ്പത്തിക സഹായമുണ്ട്; ലൈഫ് മിഷൻ കടബാദ്ധ്യത തദ്ദേശസ്ഥാപനങ്ങൾക്ക്; തുറന്നടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ലൈഫ് മിഷൻ കടബാദ്ധ്യത തദ്ദേശസ്ഥാപനങ്ങൾക്കെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; തെരഞ്ഞെടുപ്പ് പ്രചരണവേദികളിൽ ലൈഫ് മിഷൻ വീടുകൾ സംസ്ഥാന സർക്കാരിൻ്റെ നേട്ടമായി എൽ.ഡി.എഫ് ചിത്രീകരിക്കുന്നുണ്ടെങ്കിലും, ഒമ്പതു വർഷത്തിനുള്ളിൽ പണിത വീടുകളുടെ കോടിക്കണക്കിനു രൂപയുടെ കടബാദ്ധ്യത പുതുതായി ഭരണമേൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ഏറ്റെടുക്കേണ്ടിവരുന്ന ദുരവസ്ഥയാണ്.
4 ലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടുകൾക്കുള്ള സംസ്ഥാന സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്ക്കോയിൽ നിന്നുള്ള 2.20 ലക്ഷം രൂപയുടെ കടം പൂർണ്ണമായും അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് പുതിയ പഞ്ചായത്ത്, നഗരസഭാ ഭരണസമിതികളാണ്. കടക്കെണിയിലാകുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനം സ്തംഭനത്തിലാവും.
ലൈഫ് മിഷൻ്റെ പകുതിയോളം വീടുകൾക്ക് പ്രധാനമന്ത്രി ആവാൻ യോജന പ്രകാരമുള്ള സാമ്പത്തിക സഹായമുണ്ട്. ഒരു വീടിന് നഗരങ്ങളിൽ ഒന്നര ലക്ഷം രൂപയും ഗ്രാമങ്ങളിൽ 72000 രൂപയുമാണ്. സംസ്ഥാന സർക്കാർ വിഹിതം അര ലക്ഷം രൂപ മാത്രം. തദ്ദേശസ്ഥാപനങ്ങൾ നഗരങ്ങളിൽ 2 ലക്ഷം രൂപയും ഗ്രാമങ്ങളിൽ 2.80 ലക്ഷം രൂപയും നൽകണം.
തദ്ദേശസ്ഥാപനങ്ങൾ സിംഹഭാഗവും മുടക്കേണ്ടി വരുന്ന ഭവന പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നേട്ടമായി എൽ.ഡി.എഫും കേന്ദ്ര സർക്കാർ നേട്ടമായി ബി.ജെ.പിയും പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. 35 ശതമാനത്തിലധികം തദ്ദേശസ്ഥാപനങ്ങൾ പത്തുവർഷമായി ഭരിക്കുന്നത് യു.ഡി.എഫാണ്.
https://www.facebook.com/Malayalivartha
























