ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും; നിയമസഭയിലെ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും ജയരാജന്‍ വയനാട് മാനന്തവാടിയില്‍ പറഞ്ഞു.
2015ല്‍ കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം നടത്തുന്നത് തടസപ്പെടുത്തുന്നതിനിടെ നടന്ന കയ്യാങ്കളിയെ തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസ് എഴുതി തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടങ്കിലും എതിര്‍കക്ഷികളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളളവര്‍ കേസ് പിന്‍വലിക്കുതെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ , വി. ശിവന്‍കുട്ടി, സി.കെ. സദാശിവന്‍ തുടങ്ങി ആറു എം.എല്‍.എമാര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വിചാരണക്കോടതിയില്‍ കേസിന്റെ നടപടികള്‍ പുരോഗമിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ആദ്യം വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha


























