തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും.... നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകുമോ എന്ന ആശങ്കയില്‍....

തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും.. രണ്ടുദിവസത്തെ അവധിയും തുടര്‍ന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്.
15-നും 16-നുമാണ് ബാങ്കിങ് മേഖലയില്‍ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കില്‍ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്.
നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍, അങ്ങനെവരാന്‍ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
ബാങ്ക് ശാഖകളില്‍ നിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളില്‍ പണംനിറയ്ക്കുന്നത് ഏജന്‍സികളാണ്. അവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകാനിടയില്ല. ബാങ്കുകളോട് ചേര്‍ന്നുള്ള ഓണ്‍ സൈറ്റ് എ.ടി.എമ്മുകളില്‍ ഇപ്പോള്‍ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പണം നിക്ഷേപിക്കാന്‍ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.
അതേസമയം പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും. പൊതുമേഖല ജനറല്‍ ഇന്‍ഷുറസ് സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ഇന്‍ഷുറസ് ജീവനക്കാര്‍ 17-നും എല്‍.ഐ.സി. ഓഹരി വില്പനയില്‍ പ്രതിഷേധിച്ച് എല്‍.ഐ.സി. ജീവനക്കാര്‍ 18-നും പണിമുടക്കും.
https://www.facebook.com/Malayalivartha


























