പെന്‍ഷനും ശമ്പളവും തെരഞ്ഞെടുപ്പിന് മുമ്പായി ലഭിക്കും.... പരിഷ്‌കരിച്ച ശമ്പളമാണ് നല്‍കുന്നത്, പെന്‍ഷന്‍കാര്‍ക്ക് പരിഷ്‌കരിച്ച പെന്‍ഷന്റെ കുടിശ്ശികയുടെ ആദ്യ ഗഡുവും നല്‍കും

സംസ്ഥാന ജീവനക്കാരുടെ ശമ്പളം തിരഞ്ഞെടുപ്പിന് മുമ്പായി ഏപ്രില്‍ 3നും 5നും വിതരണം ചെയ്യും. പരിഷ്‌കരിച്ച ശമ്പളമാണ് നല്‍കുന്നത്. പെന്‍ഷന്‍ വിതരണവും ഇതേ തീയതികളില്‍ നടക്കും.
പെന്‍ഷന്‍കാര്‍ക്ക് പരിഷ്‌കരിച്ച പെന്‍ഷന്റെ കുടിശ്ശികയുടെ ആദ്യ ഗഡുവും നല്‍കും. ജീവനക്കാരുടെ ശമ്പള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. അതേസമയം അഞ്ചുമാസത്തെ പിടിച്ചുവച്ച ശമ്പളം മേയ് ആദ്യം കിട്ടുന്ന ശമ്പളം മുതല്‍ അഞ്ചു ഗഡുക്കളായി നല്‍കും.
രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കും. ഇക്കഴിഞ്ഞ മാസത്തെ 1500, അടുത്ത മാസത്തെ 1600 ഉള്‍പ്പെടെ 3100 രൂപയാണ് പെന്‍ഷനായി നല്‍കുക.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ ഇന്നും നാളെയും ട്രഷറി പ്രവര്‍ത്തിക്കും. രാത്രി 9 വരെ ഇടപാടുകള്‍ പരിഷ്‌കരിച്ച സമയക്രമത്തില്‍ നടത്തും
അതേസമയം സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നുമുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പതിനൊന്നാം ശമ്പള കമീഷന്‍ ശുപാര്‍ശയനുസരിച്ചാണിത്. പുതുക്കിയ ക്ഷാമബത്ത 2019 ജൂലൈ ഒന്നുമുതലും അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതലും പ്രാബല്യമുണ്ടാകും. ഉത്തരവ് ഈയാഴ്ച ഇറങ്ങും.
ആരോഗ്യമേഖലയില്‍ കമീഷന്‍ പ്രത്യേകമായി ശുപാര്‍ശചെയ്ത സ്‌കെയില്‍ അനുവദിക്കും. ഇതര മേഖലകളില്‍ 'സ്‌കെയില്‍ ടു സ്‌കെയില്‍' പരിഷ്‌കരണമാകും നടപ്പാക്കുക. ശുപാര്‍ശകളുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും പരിശോധിക്കാന്‍ ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു.
സ്‌കെയിലുകളും കരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീം ഉള്‍പ്പെടെയുള്ള ശുപാര്‍ശകളും സംബന്ധിച്ച ആക്ഷേപങ്ങളും സമിതി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഇത് പരിശോധിച്ച് വിശദ ഉത്തരവ് ഇറക്കും. പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ കമീഷന്‍ ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും.
സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള നാലു ഗഡു ക്ഷാമബത്ത കുടിശ്ശിക ഏപ്രില്‍ മുതല്‍ ലഭിക്കും. ഇതോടെ ക്ഷാമബത്ത കുടിശ്ശികയില്ലാതാകും.
2019 ജനുവരിയില്‍ വരേണ്ട മുന്നുശതമാനം, ജൂലൈയിലെ അഞ്ചു ശതമാനം, 2020 ജനുവരിയിലെ നാലു ശതമാനം, ജൂലൈയിലെ നാലു ശതമാനം എന്നിവയാണ് അനുവദിക്കുന്നത്. ഉത്തരവ് വ്യാഴാഴ്ച ഇറങ്ങിയേക്കും. കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. ഇതോടെ ക്ഷാമബത്ത 36 ശതമാനമാകും. നിലവില്‍ 20 ശതമാനമാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളില്‍ സംസ്ഥാനം നടപ്പാക്കിയ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവര്‍ക്ക് ക്ഷേമനിധി രൂപീകരിക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
60 വയസ്സ് പൂര്‍ത്തിയാക്കിയവരും 60 വയസ്സുവരെ തുടര്‍ച്ചയായി അംശാദായം അടച്ചവരുമായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനും അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ക്ഷേമനിധിയില്‍ അംഗമായി ചേരുന്ന ഓരോ തൊഴിലാളിയും പ്രതിമാസം 50 രൂപ അംശാദായം അടയ്ക്കണം. തൊഴിലാളികളുടെ എണ്ണത്തിനും തൊഴില്‍ ദിനത്തിനും അനുസരിച്ച് നിശ്ചിത തുക ഗ്രാന്റായോ അംശാദായമായോ സര്‍ക്കാര്‍ ക്ഷേമനിധിയിലേക്ക് നല്‍കും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 55 വയസ്സ് തികയാത്തവര്‍ക്കും അംഗത്വമെടുക്കാം.
https://www.facebook.com/Malayalivartha


























