ഒരേ പാർട്ടിയിൽ വിവിധ കാഴ്പ്പാട്... ഒ. രാജഗോപാലിനെ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ... മുരളീധരനെ പരസ്യമായി വെല്ലുവിളിച്ച് കുമ്മനം....

കരുത്തൻമാരും ശക്തൻമാരും പോരാടുന്ന നേമം മണ്ഡലത്തിൽ വീണ്ടും വിവാദങ്ങൾ ഉടലെടുക്കുന്നു. ഇപ്പോൾ സ്വന്തം പാർട്ടിയിൽ തന്നെയാണ് പുതിയ വാദ പ്രതിവാദങ്ങൾ നടക്കുന്നത്.
മുതിർന്ന ബിജെപി നേതാവും നേമത്തെ എംഎൽഎയുമായ ഒ. രാജഗോപാലിനെ തള്ളിപറഞ്ഞ് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കെ. മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയാണെന്ന് കരുതുന്നില്ലെന്നും കരുത്തനെങ്കിൽ എംപി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു.
സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരൻ തന്നെ മുമ്പ് സമ്മതിച്ചിട്ടുള്ള കാര്യമാണ്. ഇതാണോ മുരളീധരന്റെ കരുത്തെന്നും കുമ്മനം ആരാഞ്ഞു.
നേമത്തേത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോ എന്നത് അറിയില്ലെന്നും നേരത്തെ രാജഗോപാൽ പ്രതികരിച്ചിരുന്നു. ഇത് നിഷേധിക്കുന്ന തരത്തിലുള്ളതാണ് കുമ്മനത്തിന്റെ പ്രതികരണം.
നേമത്ത് എൽഡിഎഫ് - യുഡിഎഫ് ബന്ധം വ്യക്തമാണെന്നും കുമ്മനം ആരോപിച്ചു. 51 ശതമാനം വോട്ട് നേടി എൻഡിഎ നേമത്ത് വിജയിക്കുക തന്നെ ചെയ്യുമെന്നും നേമത്ത് ചർച്ചയാവുക ഗുജറാത്ത് മോഡൽ വികസനമാണ്.
വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നത്. വർഗീയ കലാപങ്ങൾ കേരളത്തിലും ഉണ്ടായിട്ടില്ലേ? താൻ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല.
ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ മത്സരിക്കണോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. പാർട്ടി തീരുമാനം അനുസരിക്കുകയാണ് അച്ചടക്കമുള്ള പാർട്ടിപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നുമായിരുന്നു ശോഭാ വിഷയത്തിൽ കുമ്മനത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു നേമത്തെ യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ, ബി.ജെ.പിക്ക് ശക്തനായ പ്രതിയോഗിയാണെന്ന് ഒ. രാജഗോപാൽ എം.എൽ.എ വ്യക്തമാക്കിയത്. തന്റെ അനുഗ്രഹം വാങ്ങാനെത്തിയ നേമത്തെ ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിക്കൊണ്ടായിരുന്നു രാജഗോപാലിന്റെ പ്രതികരണം.
ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരൻ. അദ്ദേഹം കെ. കരുണാകരന്റെ മകൻ കൂടിയാണ് എന്ന് രാജഗോപാൽ പറഞ്ഞു. നേമത്തേക്ക് മുരളീധരന്റെ വരവ് മത്സരത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചോദ്യത്തിനോടാണ് രാജഗോപാൽ ഇങ്ങനെ പ്രതികരിച്ചത്.
കവടിയാറിലെ എം.എൽ.എയുടെ ഫ്ലാറ്റിലെത്തിയ കുമ്മനം, രാജഗോപാലിനൊപ്പം ഊണു കഴിച്ചിരുന്നു. ഇതിനിടെയായിരുന്നു എതിർ സ്ഥാനാർഥിയുടെ മഹത്ത്വം രാജഗോപാൽ പറഞ്ഞത്.
ഇതിനു ശേഷം ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ കുമ്മനം രാജശേഖരനെ തന്റെ പിൻഗാമിയായി കാണാനാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്.
എന്നാൽ പാർട്ടിക്കു പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോ എന്നതിൽ ഉറപ്പില്ല. തനിക്കു കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്നത് അറിയില്ലെന്നും രാജഗോപാൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























