ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത; ശോഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, വി. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും കഴക്കൂട്ടത്ത് പരിഗണിക്കുന്നുണ്ട്

ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കാന്‍ ബിജെപി ഔദ്യോഗിക വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. ശോഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. കൃഷ്ണദാസ് പക്ഷം ശോഭാ സുരേന്ദ്രനൊപ്പമാണ്. വി. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും കഴക്കൂട്ടത്ത് പരിഗണിക്കുന്നുണ്ട്.
കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ സന്നദ്ധയാണെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാകുന്നത്. കഴക്കൂട്ടം ശോഭാ സുരേന്ദ്രന് വിട്ടുകൊടുത്താല്‍ അത് വി. മുരളീധര പക്ഷത്തിനും കെ. സുരേന്ദ്രനും വലിയ തിരിച്ചടിയായിരിക്കും. എന്നാൽ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എപ്ലസ് മണ്ഡലമായ കഴക്കൂട്ടത്തിന് മേല്‍ അവകാശവാദമുന്നയിച്ച് ശോഭ രംഗത്തെത്തിയത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി മുരളീധരൻ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമായതിനാൽ കഴക്കൂട്ടത്തിന് ബിജെപി അതീവ പ്രാധാന്യമാണ് നൽകുന്നത്. മണ്ഡലത്തിൽ ജയിക്കാൻ കഴിയുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50,079 വോട്ടുകളുമായി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചെങ്കിലും 42,732 വോട്ടുകൾ നേടാൻ വി മുരളീധരനായി. യുഡിഎഫിന്റെ എംഎ വാഹിദ് 38,662 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ശബരിമല വിഷയമടക്കം ചർച്ചയാകുന്ന ഈ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും വിജയിക്കാൻ കഴിയുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്.
കഴക്കൂട്ടത്ത് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം ശോഭാ സുരേന്ദ്രന് അനുകൂലമായി തീരുമാനം സ്വീകരിക്കുമെന്നാണ് സൂചനകൾ. കഴക്കൂട്ടത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചതായാണ് വിവരം. നേരത്തെ ദേശീയ നേതൃത്വം നേരിട്ട് നടത്തിയ ചർച്ചയിൽ കഴക്കൂട്ട് മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി പട്ടിക വന്നപ്പോൾ മറിച്ചാണ് സംഭവിച്ചത്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടും തന്റെ സ്ഥാനാര്‍ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു ശോഭാ മറുപടി നൽകിയിരുന്നത്.
ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരുപാട് പേര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടു. താന്‍ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ.സുരേന്ദ്രന്‍ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാന്‍ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാവുകയാണ് ബിജെപിയിൽ. എന്ത് തന്നെ ആയാലും വരും മണിക്കൂറുകളിൽ ഇതിന്റെ അന്തിമ തീരുമാനം വരുമെന്ന് തന്നെയാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























