പാര്‍ട്ടി ചിഹ്നം കൈയില്ലാതെ പിജെ ജോസഫ് ചിഹ്നത്തിനായി നെട്ടോട്ടത്തിൽ

നമ്മുടെ ചിഹ്നം ചക്ക എന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പറയുന്ന കാലം വരുമോ. കൃത്യമായ ഒരു പാര്‍ട്ടി ചിഹ്നം കൈയില്ലാതെ വിഷമിക്കുന്ന പിജെ ജോസഫ് പക്ഷം ചിഹ്നമായി ആവശ്യപ്പെട്ടിരിക്കുന്നതില്‍ ഒന്നാണ് ചക്ക.
ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായതുകൊണ്ടാണോ നിറയെ മുള്ളുകളുള്ളതുകൊണ്ട് ആരും മോഷ്ടിച്ചുകൊണ്ടുപോകില്ലെന്ന കണക്കുകൂട്ടലിലാണോ എന്നതൊന്നും വ്യക്തമല്ല. പാര്‍ട്ടിക്ക് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം കിട്ടാതെ വന്നതോടെ അംഗീകാരമുള്ള പിസി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചു നില്‍ക്കുന്ന പിജെ ജോസഫ് ചിഹ്നത്തിനായി നെട്ടോട്ടത്തിലാണ്. പിസി തോമസ് ഒറിജിനല്‍ കേരള
കോണ്‍ഗ്രസ് രജിസ്ട്രേഷന്‍ സ്വന്തമാക്കിയതില്‍ പിന്നെ കസേര ചിഹ്നത്തിലാണ് മുന്‍ വര്‍ഷങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ മത്സരിച്ചുകൊണ്ടിരുന്നത്.
തല്‍ക്കാലം കസേര മാറ്റി വച്ച പുതിയ പത്തു ചിഹ്നങ്ങളുടെ ലിസ്റ്റാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു യുഡിഎഫ് നല്‍കിയ ഒന്‍പതു സീറ്റുകളില്‍ ഒന്‍പതിടത്തും സ്ഥാനാര്‍ഥിയുടെ പേരല്ലാതെ ചിഹ്നം വച്ച് പോസ്റ്റര്‍ അടിച്ചിട്ടില്ല. ചുവരെഴുത്തുകളില്‍ നമ്മുടെ സ്ഥാനാര്‍ഥി എന്നെഴുതി നമ്മുട ചിഹ്നം കാലിയാക്കി നിറുത്തിയിരിക്കുകയാണ്.
ഒന്‍പതു സ്ഥാനാര്‍ഥികള്‍ക്കും ഒരേ ചിഹ്നത്തില്‍ മത്സരിക്കാന്‍ കരള കോണ്‍ഗ്രസില്‍ തലേവരയുണ്ടാകുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. നിലവില്‍ ചക്ക, സൈക്കിള്‍, ഡ്രം, തെങ്ങിന്‍തോട്ടം, ഇഞ്ചി, മുന്തിരി, ടെലിവിഷന്‍, ടോര്‍ച്ച് തുടങ്ങിയ ചിഹ്നങ്ങളുടെ ചക്കയ്ക്കു പിന്നാലെ ജോസഫ്-തോമസ് ഐക്യ കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ അപേക്ഷിച്ചിട്ടുണ്ട്.
എരിവുള്ള ഇഞ്ചിയോ മുള്ളുള്ള ചക്കയോ കായ്ഫലം കുറവുള്ള തെങ്ങിന്‍തോപ്പോ പുളിയുള്ള മുന്തിരിക്കുലയോ എന്തായാലും വേണ്ടില്ല പൊതുചിഹ്നം ഒന്‍പതു പേര്‍ക്കും കിട്ടണമേ എന്ന ആഗ്രഹമാണ് ജോസഫിനുള്ളത്. ചക്ക ഉള്‍പ്പെടെ 10 പേരുകളാണ് മുന്‍ഗണനാപ്രകാരം ജോസഫ് ചിഹ്നമായി അപേക്ഷിച്ച് കാത്തിരിക്കുന്നത്.
ആനയും സൈക്കിളുമായിരുന്നു മുന്‍കാലത്ത് കേരള കോണ്‍ഗ്രസില്‍ ജോസഫിന്റെ ചിഹ്നം. മാണിക്ക് കുതിര ചിഹ്നമായിരുന്ന കാലവുമുണ്ട്. മൃഗങ്ങളെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ചിഹ്നപ്പട്ടികയില്‍ നിന്നും വെട്ടിമാറ്റിയതോടെ ജോസഫിന്റെ ആന ചിന്നം വിളി നിറുത്തി. പിന്നീട് സൈക്കിളായി ചിഹ്നം. മുന്‍പൊരു തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗക്കാര്‍ തൊടുപുഴയില്‍ പുത്തനൊരു സൈക്കിള്‍ വാങ്ങി വഴിയരുകില്‍ പാര്‍ട്ടി ചിഹ്നമായി പ്രദര്‍ശിപ്പിച്ചു.
അന്നു രാത്രി ആ സൈക്കിള്‍ മോഷണം പോയി. തുടര്‍ന്നും മോഷണം ഒഴിവാക്കാന്‍ പഞ്ചറായ ആറേഴു പഴയ സൈക്കിളുകള്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് വാങ്ങി ജോസഫുകാര്‍ വഴിയരുകില്‍ പ്രദര്‍ശിപ്പിച്ചതായാണ് ആ നാട്ടില്‍ പ്രചരിക്കുന്ന കഥ. എന്തായാലും പിജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് മുന്‍പ് ഏറെക്കാലം മത്സരിച്ചിരുന്ന സൈക്കിള്‍ ചിഹ്നവും ജോസഫിന് കൈവിട്ടുപോയി.
അങ്ങനെയിരിക്കെയാണ് പാട്ടുകാരന്‍ ജോസഫ് പതിയെ ചെണ്ട ചിഹ്നം വാങ്ങിച്ചെടുക്കാന്‍ താല്‍പര്യപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് ചെണ്ടയുമായി നീങ്ങിയപ്പോഴാണ് ചെണ്ട എന്ന ചിഹ്നം ഇലക്ഷന്‍ കമ്മീഷന്റെ ലിസ്റ്റില്‍ വന്നിട്ടില്ലെന്ന് കണ്ടെത്തിയത്.ഡ്രം മാത്രമാണ് ഇലക്ഷന്‍ കമ്മീഷന്‍ ചിഹ്നം ലിസ്റ്റിലുള്ളതെന്നറിഞ്ഞ് ബാന്‍ഡ് മേളത്തിലെ ഡ്രം നോക്കിവെച്ചെങ്കിലും അതും കിട്ടാന്‍ സാധ്യത കുറവാണെന്ന് വന്നിരിക്കുന്നു. പാര്‍ട്ടി അംഗീകാരവും ചിഹ്നവും നഷ്ടപ്പെട്ട ജോസഫ് വെറും സ്വതന്ത്ര പാര്‍ട്ടിയായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പിസി തോമസിനെ കൂട്ടപിടിച്ച് അവര്‍ക്കൊപ്പം ലയിച്ചുതീര്‍ന്നത്.
മുന്‍പ് 2006ല്‍ കേരള കോണ്‍ഗ്രസ് എം വി്ട്ട് പിസി തോമസ് എന്‍ഡിഎ മുന്നണിയില്‍ ലോക് സഭയിലേക്ക് മത്സരിച്ച് വിജയിച്ചത് ടെലിവിഷന്‍
അടയാളത്തിലാണ്. ചക്ക ചിഹ്നം കിട്ടിയാല്‍ മുള്ളു കളയാതെ എങ്ങനെ അതൊന്നു വരച്ചെടുക്കുമെന്ന ആശങ്കയിലാണ് സ്ഥാനാര്‍ഥികള്‍.
https://www.facebook.com/Malayalivartha























