പരമരഹസ്യമായി കസ്റ്റംസ്... 3 പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും എത്താതിരുന്ന പി. ശ്രീരാമകൃഷ്ണനെ വീട്ടില്‍ പോയി പരമ രഹസ്യമായി ചോദ്യം ചെയ്ത് കസ്റ്റംസ്; വിവരശേഖരണം മാത്രമെന്ന് സ്പീക്കറുടെ വിശദീകരണം വരുമ്പോള്‍ കസ്റ്റംസ് ചോദിച്ചത് 50 ചോദ്യങ്ങള്‍; 5 മണിക്കൂറോളം കസ്റ്റംസിന്റെ വലയത്തില്‍ ശ്രീരാമകൃഷ്ണന്

ഒരു മീന്‍കുഞ്ഞുപോലും അറിയാതെ കസ്റ്റംസുകാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യല്‍ നേരിടാന്‍ ശ്രീരാമകൃഷ്ണന് വ്യാഴാഴ്ച വൈകിട്ടാണ് കസ്റ്റംസ് നോട്ടിസ് നല്‍കിയത്. മുമ്പ് രണ്ടുതവണ നോട്ടിസ് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്ക്, അസുഖം എന്നീ കാരണങ്ങള്‍ അറിയിച്ചു സ്പീക്കര്‍ ഹാജരായില്ല.
ഭരണഘടനാപദവി വഹിക്കുന്നതിനാല്‍ കസ്റ്റംസിനു ചോദ്യം ചെയ്യാനാവില്ലെന്നു നിലപാടെടുത്തിരുന്ന സ്പീക്കര്‍, തന്റെ പദവി മാനിക്കുന്ന രീതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ ഔദ്യോഗിക വസതിയിലാക്കിയത്. അന്‍പതില്‍പരം ചോദ്യങ്ങളാണു കസ്റ്റംസ് ചോദിച്ചത്.
പല കാര്യങ്ങളും സമ്മതിച്ച സ്പീക്കര്‍, ചിലതു നിഷേധിച്ചു. സ്പീക്കര്‍ ഉപയോഗിച്ചിരുന്ന 4 മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ വിശദാംശവും കസ്റ്റംസ് ശേഖരിച്ചു. അതിലൊന്നു സ്പീക്കറുടെ സുഹൃത്തിന്റെ പേരിലാണ്. അതുപയോഗിച്ചാണു സ്വപ്നയെയും സരിത്തിനെയും സ്ഥിരമായി വിളിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തി.
അതേസമയം, കസ്റ്റംസ് വിശദീകരണം തേടുക മാത്രമാണു ചെയ്തതെന്നു സ്പീക്കറുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 19ന് തിരുവനന്തപുരത്തുനിന്നു മസ്‌കത്ത് വഴി കയ്‌റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണു കസ്റ്റംസ് റിപ്പോര്‍ട്ട്.
കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍, ഖാലിദ് അലി ഷൗക്രി എന്നിവരടക്കം 6 പ്രതികളാണുള്ളത്. ഈ കേസില്‍ പി. ശ്രീരാമകൃഷ്ണന്റെ പേരു പരാമര്‍ശിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ടു സ്വപ്നയും സരിത്തും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണു സ്പീക്കറെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുടെ പ്രേരണയില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയിട്ടുണ്ടെന്നും 3 മന്ത്രിമാര്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടു യൂണിടാക് നല്‍കിയ 3.8 കോടി രൂപയുടെ കോഴപ്പണത്തില്‍ നിന്നുള്ള ഒരുഭാഗം ഡോളറാക്കി ഖാലിദ് അലി ഷൗക്രി കടത്തിയെന്നാണു കസ്റ്റംസ് ആരോപണം.
അതേസമയം ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിഷേധിച്ചു. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും കുടുംബം തകര്‍ന്നെന്നു വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക് വിഡിയോയില്‍ പറഞ്ഞു. രക്തദാഹികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റംസ് തയാറെടുക്കുന്നതിനിടയിലാണ് കോവിഡ് പോസിറ്റീവായത്.
വെള്ളിയാഴ്ച 8 മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ സ്പീക്കര്‍ 2 തവണ മരുന്നു കഴിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇനിയുള്ള ചോദ്യം ചെയ്യല്‍ ഉടനുണ്ടാകില്ല.
"
https://www.facebook.com/Malayalivartha