ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്

തിരക്കുള്ള ജംഗ്ഷനില്‍ പട്ടാപ്പകല്‍ ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന യുവാവിനെ പിടികൂടി പൊലീസ്. തൃശ്ശൂര്‍ പറവട്ടാനി സ്വദേശി ബെഫിന്‍ ആണ് പിടിയിലായത്. പീച്ചി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ സ്‌കൂള്‍ വിട്ടുവന്ന സഹോദരന്റെ മകളെ കൂട്ടികൊണ്ടുവരാനായി എത്തിയ ആന്‍സി എന്ന യുവതിയുടെ സ്‌കൂട്ടറാണ് യുവാവ് നിമിഷ നേരം കൊണ്ട് മോഷ്ടിച്ചത്. കഴിഞ്ഞ എട്ടാം തീയതി ഉച്ചക്ക് 2.40 ഓടെയാണ് മോഷണം നടന്നത്. സഹോദരന്റെ മകളെ കൂട്ടികൊണ്ടുവരാന്‍ പീച്ചി റോഡ് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ആന്‍സി. താന്‍ നിന്നിരുന്നതിനു തൊട്ട് അടുത്ത് കുട്ടി സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങുന്നത് കണ്ട് സ്‌കൂട്ടിയുടെ താക്കോലെടുക്കാതെ ആന്‍സി ബസിനു അടുത്തേക് ചെന്നു. ബസില്‍ നിന്ന് കുട്ടിയെ കൈ പിടിച്ചു ഇറക്കി തിരിഞ്ഞു നടക്കുന്ന സമയം കൊണ്ട് കള്ളന്‍ സ്‌കൂട്ടറുമായി മുങ്ങി.
ചുവന്ന ബനിയന്‍ ധരിച്ച ഒരാള്‍ തന്റെ സ്‌കൂട്ടര്‍ കൊണ്ട് പോകുന്നത് കണ്ട് ആദ്യം ആന്‍സി പകച്ചു. പ്രതികരിക്കും മുമ്പ് കള്ളന്‍ കണ്മുന്നില്‍ നിന്നും മറഞ്ഞു. ഉടനെ തന്നെ യുവതി തന്റെ ബന്ധുവിനെ വിളിക്കുകയും ഇരുവരും ചേര്‍ന്ന് പീച്ചി പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. എസ്എച്ച്ഒ സുകുമാരന്‍ ഉടനെ തന്നെ സ്‌റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി കള്ളന്‍ വാഹനവുമായി പോയ ദിശയിലേക്ക് അയച്ചു. അടുത്തുള്ള മണ്ണുത്തി സ്‌റ്റേഷനിലേക്കും ഒല്ലൂര്‍ എസിപി സുധീരനേയും മോഷണ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം നടന്ന സ്ഥലത്തു നിന്നും 200 മീറ്റര്‍ മാറിയുള്ള സിസിടിവി ക്യാമറയില്‍ നിന്നും പ്രതി വാഹനവും കൊണ്ടു പോകുന്ന വീഡിയോയും കണ്ടെത്തി.
പ്രതി വാഹനവുമായി പോയ റൂട്ട് നോക്കി നടത്തിയ പരിശോധനയില്‍ മണ്ണുത്തി പരിധിയിലുള്ള സിസിടിവി ക്യാമറയില്‍ പ്രതിയുടെ രൂപം ഏകദേശം വ്യക്തമാകുന്ന ദൃശ്യം ലഭിച്ചു . ഈ ദൃശ്യം എസിപി മുഖന്തരം സ്‌ക്വാഡ് അംഗങ്ങള്‍ക്ക് അയച്ചു. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ്, പാലക്കാട് വടക്കന്‍ഞ്ചേരി എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും തൃശ്ശൂര്‍ പറവട്ടാനി സ്വദേശിയുമായ ബെഫിന്‍ ആണ് മോഷ്ടാവെന്ന് തിരിച്ചറിയുകയും ചെയ്തു. പ്രതിയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി ടവര്‍ ലൊക്കേഷന്‍ എടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പരിശോധന തുടങ്ങി. ഒടുവില്‍ 12ാം തീയതിയാണ് പ്രതിയെ കണ്ടെത്തുന്നത്. ഡ്യൂട്ടിക്ക് പോകുന്നതിനായി അഞ്ചേരിചിറയിലെ വിട്ടില്‍ നിന്നും ഇറങ്ങിയ പീച്ചി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണു നടരാജ് ആണ് പ്രതിയെ കണ്ടെത്തിയത്.
രാവിലെ 8.30 മണിയോടെ കുട്ടനെല്ലൂര്‍ മണ്ണുത്തി ദേശിയപാതയിലെ നടത്തറ സിഗ്‌നല്‍ ജംഗ്ഷനില്‍ ബൈക്കില്‍ എത്തിയ വിഷ്ണു സിഗ്‌നലിനായി കാത്തുനില്‍ക്കവെ പിന്നില്‍ നിന്നും ഹെല്‍മറ്റ് വെക്കാതെ ഒരാള്‍ ആശ്രദ്ധമായി വരി തെറ്റിച്ചു ഒരു സ്‌കൂട്ടറില്‍ വന്നു മുന്നിലായി നിര്‍ത്തുന്നത് ശ്രദ്ധിച്ചത്. നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെ കണ്ട് വിഷ്ണുവിന് സംശയം തോന്നി. തുടര്‍ന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ മോഷണം പോയതാണെന്നത് സ്‌റ്റേഷനില്‍ വിലിച്ച് ഉറപ്പുവരുത്തി. പിന്നാലെ വിഷ്ണു സ്‌കൂട്ടര്‍ പിന്തുര്‍ന്നു. ഏകദേശം 500 മീറ്റര്‍ സഞ്ചരിച്ച മോഷ്ടാവ് അപ്രതീക്ഷിതമായി തൊട്ടടുത്ത പെട്രോള്‍ പമ്പിലേക് വാഹനം ഓടിച്ചു കയറ്റി. എസ്എച്ച്ഒ സുകുമാറിനെ വിവരം അറിയിച്ച് വിഷ്ണു പിന്നാലെയെത്തി പെട്രോള്‍ പമ്പ് ജീവനക്കാരുടെ സഹായത്തോടെ കള്ളനെ പിടികൂടുകയായിരുന്നു. പമ്പ് ജീവനക്കാരന്റെ സഹായത്തോടെ മോഷ്ടാവിനെ തടയുകയും സ്‌കൂട്ടറിന്റെ ചാവി കൈകലാക്കുകയും ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ബലപ്രയോഗത്തിനിടയില്‍ രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാവിനെ വിടാതെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha






















