കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

കേരള കോണ്‍ഗ്രസ് (എം) എന്തു നിലപാട് എടുത്താലും യുഡിഎഫിനെ ബാധിക്കില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വരുമെന്ന കാര്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ഉണ്ടാകാത്തത് യുഡിഎഫിന്റെ 110 സീറ്റ് എന്ന ലക്ഷ്യത്തെ ബാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ഒരു പൊതു നിലപാട് എടുത്തിരുന്നു എന്നും അത് ആശയപരമായി വിയോജിപ്പ് ഇല്ലാത്തവര്‍ വന്നാല്‍ യുഡിഎഫില്‍ എടുക്കാം എന്നായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ''കേരള കോണ്‍ഗ്രസിനോട് ആശയപരമായി വിയോജിപ്പില്ലല്ലോ. അവര്‍ വന്നാല്‍ സ്വാഗതം ചെയ്യാം എന്നേ പറഞ്ഞിട്ടുള്ളൂ. അവര്‍ വേറൊരു മുന്നണിയില്‍ ഉള്ളതാണ്. അപ്പോള്‍ അവരാണ് തീരുമാനമെടുക്കേണ്ടത് ''കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ എടുക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) അവരുടെ മേഖലയില്‍ തോറ്റു. അപ്പോള്‍ അവര്‍ ഇടതുമുന്നണിയില്‍ നില്‍ക്കുമോ എന്ന കാര്യം ചര്‍ച്ചയായി. അത് യുഡിഎഫ് അല്ല ഉണ്ടാക്കിയത്. ജയിച്ചു നില്‍ക്കുന്ന യുഡിഎഫിന് അതിന്റെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫിന്റെ അടിത്തറ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വിപുലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















