ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കുന്ന 2 പേര്‍ അറസ്റ്റില്‍. കലൂര്‍ മണപ്പാട്ടിപ്പറമ്പ് 317-ാം നമ്പര്‍ വീട്ടില്‍ മുഹമ്മദ് അന്‍ഷാദ് എം.എസ് (19), വിടിസി എറണാകുളം കോളജ് കരിതലപ്പറമ്പ് വീട്ടില്‍ മുഹമ്മദ് റാസിക് (18) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം നടത്തുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇവര്‍ ഇത്തരത്തിലുള്ള കുറ്റം മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും ആക്രമിക്കപ്പെട്ടവര്‍ പരാതിപ്പെടാന്‍ വിസമ്മതിച്ചതോടെ രക്ഷപെടുകയായിരുന്നു എന്നു പൊലീസ് വ്യക്തമാക്കി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എറണാകുളം കലൂര്‍ ഷേണായി ക്രോസ് റോഡില്‍ വച്ച് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ഥിനികളെയാണ് ഇവര്‍ കൂടുതലും ലക്ഷ്യം വയ്ക്കാറ്. വൈകിട്ട് ഇവിടെ എത്തുന്ന ഇവര്‍ നടന്നുവരുന്നവരെ ലക്ഷ്യം വച്ച് ആദ്യം ബൈക്കില്‍ കറങ്ങും. തുടര്‍ന്ന് ആളുകള്‍ കുറവുള്ള ഭാഗത്തു വച്ച് മുന്നില്‍ നിന്ന് വന്ന് കയറിപ്പിടിച്ച ശേഷം ബൈക്കില്‍ കടന്നുകളയാറാണ് പതിവ്.
വെള്ളിയാഴ്ച ഹോസ്റ്റലിലേക്ക് വന്ന പെണ്‍കുട്ടികളെ ഇവര്‍ ആക്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. പിന്നാലെ ഇരുവരേയും പിടികൂടി. അന്‍ഷാദിനും റാസിക്കിനും പ്രത്യേകിച്ച് ജോലിയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















