ഭരണത്തുടര്‍ച്ചക്ക് വേണ്ടിയാണ് സി പി എം വോട്ടുതേടിയത്, അതിനെ ജനം പിന്തുണയ്ക്കുമെന്ന് സിപിഎം ഉറപ്പിക്കുന്നു... 80 സീറ്റില്‍ ഉറപ്പായും ജയിക്കും, 95 സീറ്റുവരെ പൊരുതി നേടാനാകും.... പി.ജയരാജന്റെ വിവാദ എഫ്. ബി. പോസ്റ്റിന് കാര്യമായ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി വിശദീകരണം

ജയരാജന്‍മാരെയും സുധാകര - ഐസക്കുമാരെയും ഒഴിവാക്കിയത് കൊണ്ട് സിപി എമ്മിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പി.ജയരാജന്റെ വിവാദ എഫ്. ബി. പോസ്റ്റിന് കാര്യമായ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.
ഭരണത്തുടര്‍ച്ചക്ക് വേണ്ടിയാണ് സി പി എം വോട്ടുതേടിയത്. അതിനെ ജനം പിന്തുണയ്ക്കുമെന്ന് സിപിഎം ഉറപ്പിക്കുന്നു. 80 സീറ്റില്‍ ഉറപ്പായും ജയിക്കും. 95 സീറ്റുവരെ പൊരുതി നേടാനാകും. വോട്ടെടുപ്പിനുശേഷം ജില്ലാഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുമ്പോള്‍ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റുനിലയാണ് ഇത്.
എന്നാല്‍ ജില്ലാ ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സി പി എം സംസ്ഥാന സമിതി തയ്യാറായിട്ടില്ല. ജില്ലാ ഘടകങ്ങള്‍ കഴിഞ്ഞ കാല ഇലക്ഷനുകളില്‍ നല്‍കിയ കണക്കുകള്‍ തെറ്റിയതാണ് ഇത്തരമാരു സംശയത്തിന് കാരണം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പിതുണ ലഭിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലാണ് ജില്ലാ കമ്മിറ്റികള്‍ക്ക് ഉണ്ടായിരുന്നത്
പ്രതീക്ഷിച്ചതിലും കടുത്ത മത്സരം പലമണ്ഡലങ്ങളിലും നടന്നതായി സി പി എം കരുതുന്നു.. അടിയൊഴുക്കുകള്‍ ജയപരാജയം നിര്‍ണയിക്കുന്ന മണ്ഡലങ്ങളും ഏറെയാണ്. ബി.ജെ.പി. മുമ്പൊരിക്കലും ഇല്ലാത്തവിധം ബൂത്തുതലത്തില്‍ സജീവമായിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ യു.ഡി.എഫിന് ബൂത്ത് ഏജന്റുമാരില്ലാത്ത സ്ഥലത്തുപോലും, ബി.ജെ.പി. ആളെനിര്‍ത്തി. ചിലമണ്ഡലങ്ങളില്‍ ബി.ജെ.പി. നേടുന്ന അധികവോട്ടുകള്‍ യു.ഡി.എഫിന് തിരിച്ചടിയാകും. മത്സരരംഗത്ത് പുതുമുഖങ്ങളെ പരീക്ഷിച്ചതും ഒരുവിഭാഗം മന്ത്രിമാരെ മാറ്റിനിര്‍ത്തിയതും ഇടതുപക്ഷത്തിന്റെ സാധ്യത ഇല്ലാതാക്കിയിട്ടില്ല. പക്ഷേ, മത്സരം കടുപ്പിക്കാന്‍ ഇത് കാരണമായിട്ടുണ്ടെന്നാണ് ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട്.
കാസര്‍കോടും കോഴിക്കോടും വയനാട്ടിലും നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തും. കണ്ണൂരില്‍ അഴീക്കോട്, പേരാവൂര്‍ സീറ്റുകള്‍ പിടിച്ചെടുക്കാനാകും. വയനാട്ടില്‍ യു.ഡി.എഫ്. മണ്ഡലമായ സുല്‍ത്താന്‍ ബത്തേരി പിടിച്ചെടുക്കാന്‍ കഴിയുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ വടകര ജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെങ്കിലും, അട്ടിമറിസാധ്യതയും തള്ളുന്നില്ല. വടകരയില്‍ മത്സരിച്ചത് കെ.കെ. രമയാണെന്ന കാര്യം ശ്രദ്ധേയമാണ്.
തൃശ്ശൂരില്‍ വടക്കാഞ്ചേരിയടക്കം നേടാനാകുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അതേസമയം, പത്മജാ വേണുഗോപാല്‍, സുരേഷ് ഗോപി എന്നിവര്‍ എതിരാളികളായുള്ള തൃശ്ശൂര്‍ സീറ്റില്‍ അത്ര പ്രതീക്ഷയില്ല . പാലക്കാട് കടുത്തമത്സരം നടന്ന തൃത്താലയില്‍ എം.ബി. രാജേഷ് 3000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് ജില്ലാകമ്മിറ്റിയുടെ കണക്ക്.
ഇബ്രാഹിംകുഞ്ഞിന്റെ കളമശ്ശേരിയിലാണ് അട്ടിമറിവിജയം പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് ഉറപ്പുള്ള ജയമായി സി.പി.എം. കണക്കാക്കിയിട്ടില്ല. കോട്ടയം ജില്ലയില്‍ നാലുസീറ്റ് ഉറപ്പിച്ചുപറയുന്നുണ്ട്. രണ്ടുസീറ്റുവരെ അധികം നേടാനായേക്കും. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് പാര്‍ട്ടിക്കണക്ക്. ആലപ്പുഴയില്‍ സി പി എം വോട്ടുകള്‍ ബി ജെ പി പിടിച്ചെന്ന ജി. സുധാകരന്റെ കണ്ടെത്തില്‍ പാര്‍ട്ടി തള്ളുന്നു. ഇത്തവണ അരൂര്‍ തിരിച്ചുപിടിക്കാനാകുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അതേസമയം, ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളിലെ തീരദേശവോട്ടുകള്‍ ആര്‍ക്കൊപ്പമെന്നത് നിര്‍ണായകമാണ്. ഈ വോട്ടുകള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് ഉറപ്പിച്ചുപറയാന്‍ ജില്ലാനേതൃത്വത്തിന് കഴിയുന്നില്ല.
കൊല്ലം ജില്ലയിലും തീരദേശവോട്ടുകളാണ് നിര്‍ണായകം. പക്ഷേ, വലിയ അട്ടിമറിക്ക് സാധ്യതയില്ല. കരുനാഗപ്പള്ളി, ചവറ, കൊല്ലം മണ്ഡലങ്ങളില്‍ മത്സരം ശക്തമാണ്. ഇവ ഉറപ്പുള്ള മണ്ഡലങ്ങളായി കണക്കാക്കിയിട്ടില്ല. ചവറയില്‍ മത്സരിച്ചത് ഷിബു ബേബി ജോണാണ്. മുകേഷിന് പോലും പ്രതീക്ഷയില്ലാത്ത കൊല്ലത്ത് സി പി എം പ്രതീക്ഷയര്‍പ്പിക്കുന്നു.
തിരുവനന്തപുരത്ത് നേമം ഉള്‍പ്പടെ വിജയിക്കുമെന്നാണ് ജില്ലനേതൃത്വത്തിന്റെ കണക്ക്. അരുവിക്കര എല്‍.ഡി.എഫ്. പിടിച്ചെടുക്കും. കോവളംസീറ്റ് നഷ്ടമാകും. കോവളം ഒഴികെയുള്ള ബാക്കി 13 ഇടത്തും വിജയിക്കും. 12 സീറ്റാണ് ഉറപ്പായും പ്രതീക്ഷിക്കുന്നത്.
ഇതെല്ലാം വായിച്ചാല്‍ പൊട്ടിചിരിച്ച് പോകും എന്നാണ് യുഡി എഫ് പറയുന്നത്.
"
https://www.facebook.com/Malayalivartha
























