ജെല്ലിഫിഷ് കേരളത്തിലെ കായലുകളിൽ വ്യാപിക്കുന്നു; 24 കണ്ണുകളുണ്ട്, വിഷമേറ്റാൽ ആദ്യം ബാധിക്കുന്നത് ഹൃദയ നാഡീവ്യവസ്ഥകളെ

കടലിലെ വിഷജീവിയായ ജെല്ലിഫിഷ് എറണാകുളം, ആലപ്പുഴ കായലുകളിലും നിറയുന്നു. വടക്കൻ ജില്ലകളിലെ കായലുകളിൽ ഇവ നേരത്തെ കണ്ടെത്തിയിരുന്നു.
കടൽ ചൊറിയെന്ന് വിളിക്കുന്ന ജെല്ലി ഫിഷിന്റെ സാന്നിദ്ധ്യം കായലിലെ മത്സ്യബന്ധനത്തിന് വെല്ലുവിളിയാകും. തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ക്രാമ്പിയോനെല്ല ഓർസിനി, അക്രോമിറ്റസ് ഫ്ളജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളെയാണ് കണ്ടെത്തിയത്.
കരിപ്പെട്ടി ചൊറി എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിന്റെ വിഷം മനുഷ്യന്റെ ഹൃദയം, നാഡീവ്യവസ്ഥ, കോശങ്ങൾ എന്നിവയെ ബാധിക്കും. വിഷം ശരീരത്തിൽ അതിവേഗം വ്യാപിക്കും.
ആലപ്പുഴയിലെ പെരുമ്പളം പഞ്ചായത്തിന്റെ പക്ഷി സർവേയ്ക്കിടെ പെരുമ്പളം ബോട്ടുജെട്ടിക്ക് സമീപം ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന് സർേവയിൽ പങ്കെടുത്ത പക്ഷിനിരീക്ഷകനും സയൻസ് അദ്ധ്യാപകനും ഫോട്ടോഗ്രാഫറുമായ പി.ആർ. രാജീവ് പറഞ്ഞു. രണ്ടുവട്ടം കൂടി ഇവിടെ ഇതിനെ കണ്ടെത്തി.
പഞ്ഞിക്കെട്ട് ഒഴുകുന്നതുപോലെ തോന്നും, ഒറ്റയ്‌ക്കും കൂട്ടായും കാണാം, രണ്ടു വർഷം വരെ ആയുസ്, പൂർണ വളർച്ചയെത്തിയ ജെല്ലി ഫിഷിന് ഒന്നരക്കിലോ തൂക്കം ഇതൊക്കെയാണ് പ്രധാന സവിശേഷതകൾ.
എന്നാൽ, കേരളത്തിന്റെ തീരക്കടലിൽ കണ്ടെത്തിയ ജെല്ലി ഫിഷുകൾ മാരകവിഷം ഇല്ലാത്തവയാണ്. എങ്കിലും തൊട്ടാൽ ചൊറിച്ചിലും വീക്കവും ഉണ്ടാകും. കേരളത്തിൽ 20ഓളം വകഭേദങ്ങൾ ഇതിന് ഉണ്ട്.
ഇന്തോ, പസഫിക് സമുദ്രങ്ങളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ഇവ അതീവ വിഷമുള്ള സമുദ്രജീവികളിലൊന്നാണ്. കുട പോലുള്ള ഉടലും അതിൽ നിന്ന് 15 സെന്റിമീറ്ററോളം നീളമുള്ള ടെൻഡക്കിളുകളും ഉണ്ട്.
ടെൻഡക്കിളിലെ കൂർത്ത മുന ഉപയോഗിച്ചാണ് വിഷം കുത്തിവയ്ക്കുന്നത്. ഇര പിടിക്കാൻ പ്രകൃതി നൽകിയ വിഷമാണിത്. 24 കണ്ണുകളും ഇതിനുണ്ട്.
കായലുകളിൽ ഇവ അതിവേഗം വ്യാപിക്കും. കാറ്റ്, വേലിയേറ്റം, ഉപരിതല പ്രവാഹങ്ങൾ, ജലത്തിന്റെ താപനില, ലവണാംശം, ജലത്തിന്റെ ഗുണം കുറയുക തുടങ്ങി നിരവധി കാരണങ്ങളുണ്ട്. കടലാമകളുടെയും, പുഴയാമകളുടെയും നശീകരണവും ജെല്ലി ഫിഷിന്റെ വർദ്ധനയ്‌ക്ക് ഇടയാക്കും.
https://www.facebook.com/Malayalivartha
























