പ്രവാസി വ്യവസായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ചതുപ്പു നിലത്ത് ഇടിച്ചിറക്കി; എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പു നിലത്ത് സംഭവിച്ചത്.... കോപ്റ്ററിൽ ഉണ്ടായിരുന്നത് യൂസഫലിയും ഭാര്യയും പൈലറ്റും ഉൾപ്പടെ ഏഴു പേർ

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പു നിലത്ത് ഇടിച്ചിറക്കിയതായി റിപ്പോർട്ട്. യൂസഫലിയും ഭാര്യയും പൈലറ്റും ഉൾപ്പടെ ഏഴു പേർ കോപ്റ്ററിൽ ഉണ്ടായിരുന്നതായി അധികൃതർ. ഇവരെ പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വൻ ദുരന്തമാണ് ഒഴിവായത്.
രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേർന്നുള്ള ചതുപ്പിൽ ഇടിച്ചിറക്കുകയാണ് ചെയ്തത്. യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് ഹേലികോപ്റ്റർ ഇറക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റർ ഇടിച്ച് ഇറങ്ങുകയായിരുന്നെന്നും ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുകയുണ്ടായി. ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലിക്കോപ്റ്ററിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്.
അതേസമയം കഴിഞ്ഞ ദിവസമാണ് അബൂദബി സർക്കാറിന്റെ ഉന്നത സിവിലിയൻ പുരസ്കാരം എം.എ.യൂസഫലിയ്ക്ക് ലഭിക്കുകയുണ്ടായി. വാണിജ്യ, വ്യവസായ, ജീവകാരുണ്യ രംഗങ്ങളിലെ സംഭാവനകളാണ് യൂസഫലിയെ പുരസ്കാരത്തിന് അർഹനാക്കിയത് തന്നെ. അബൂദബി കിരീടാവാകാശി പുരസ്കാരം കൈമാറിയിട്ടുണ്ട്. അബൂദബിയിലെ അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിലാണ് കിരീടാവകാശിയും യു എ ഇ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് അബൂദബി പുരസ്കാരം സമ്മാനിച്ചത് തന്നെ. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്ന് യൂസഫലി പ്രതികരിക്കുകയുണ്ടായി.
മൂന്ന് വനിതകൾ ഉൾപ്പെടെ മറ്റ് പതിനൊന്ന് പേർ യൂസഫലിക്കൊപ്പം പുരസ്കാരം സ്വീകരിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതിയാണിത്. ഈ വർഷം അബൂദബി പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കാര്യ മന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























