മൻസൂർ വധക്കേസിൽ മുഴുവൻ പ്രതികളേയും അകത്താക്കി ക്രൈംബ്രാഞ്ച്... സിപിഎമ്മുകാരനാണ് പിടിയിലായത്...

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വച്ച് പിടിയിലായത്. ഇയാൾ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആദ്യഘട്ടത്തിൽ പ്രതി പട്ടികയിൽ ഇല്ലാതിരുന്ന വ്യക്തിയാണ് നിജിൽ. എന്നാൽ കൃത്യം നടക്കുമ്പോൾ അക്രമിസംഘത്തോടൊപ്പം നിജിലുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചു. സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനാണ് പ്രതി. മൻസൂറിന്റെ വീട് ആക്രമിക്കാൻ നിജിലാണ് ഗൂഢാലോചന നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകുന്നുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ലോക്കൽ പൊലീസ് പ്രതികളെ പിടിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. സ്പർജൻ കുമാർ ഐപിഎസിനാണ് നിലവിൽ കേസിന്റെ ചുമതല.
ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ ആളുകളും പിടിയിലായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ പാനൂര്‍ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.
വീട്ടിലേക്ക് പോവുകയായിരുന്ന മന്‍സൂറിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ നിരവധി പേരെ പോലീസ് പിടികൂടിയിരുന്നു. നിജിൽ കൂടെ പിടിയിലാകുന്നതോടെ എല്ലാ പ്രതികളും അറസ്റ്റിലായതായിട്ടാണ് റിപ്പോർട്ട്. കേസിലെ ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞയാഴ്ച മൻസൂർ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടു. വീടിന് പിന്നിലെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കിനുമാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
കണ്ണൂർ മുക്കിൽപ്പീടികയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ച്, അവർ ഉടനെ എത്തിയതിനാൽ വീടിന് അകത്തേക്ക് തീ പടർന്നില്ല.
വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്‍റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. ജാബിറിനെ ഇപ്പോഴും പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർദ്ധരാത്രി ആക്രമണമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha

























