ഇപ്പോള്‍ അന്വേഷിക്കേണ്ട അല്ലേ... പന്ത്രണ്ടോളം കേന്ദ്ര ഏജന്‍സികള്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച വന്നതോടെ ചിന്തിച്ച് ബിജെപി; ബി.ജെ.പിയുടെ തോല്‍വിക്ക് കേന്ദ്രാന്വേഷണവും തിരിച്ചടിയായെന്നു വിമര്‍ശനം; ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ബിജെപി മുന്നേറ്റമുണ്ടാക്കാനാകില്ല

കഴിഞ്ഞ ഒരു വര്‍ഷമായി ഇഡി, കസ്റ്റംസ്, എന്‍ഐഎ, സിബിഐ തുടങ്ങിയ പന്ത്രണ്ടോളം കേന്ദ്ര ഏജന്‍സികളാണ് സര്‍ക്കാരിന് മേല്‍ വട്ടം ചുറ്റിയത്. എന്നിട്ട് അന്വേഷണം എന്തായെന്ന് ചോദിച്ചാല്‍ അറിയില്ല. സ്വര്‍ണം ആരയച്ചെന്നോ എന്തിനയച്ചെന്നോ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്വേഷണം തണുത്ത മട്ടുമാണ്.
അതേസമയം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പു പരാജയത്തിനു മുഖ്യകാരണമായെന്നു ബി.ജെ.പി. ഭാരവാഹിയോഗത്തില്‍ വിമര്‍ശനമുണ്ടായി. സംസ്ഥാന സര്‍ക്കാരിനെതിരേ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തിരിച്ചടിയായെന്നും വിലയിരുത്തി.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ്, നാമനിര്‍ദേശ പത്രിക തള്ളല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ദേശീയ നേതാക്കള്‍ കേട്ടിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനായിരുന്നു കേന്ദ്രനേതാക്കളുടെ നിര്‍ദേശം.
പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി പാര്‍ട്ടിവേദിക്കു പുറത്ത് പരസ്യവിമര്‍ശനം നടത്തരുതെന്നു വിലക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ നേരത്തേതന്നെ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹത്തിന്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളുകയും ചെയ്തിരുന്നു. ചില നേതാക്കള്‍ ബി.ജെ.പിയുടെ വിശ്വാസ്യത തകര്‍ത്തെന്നും വോട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന ധാരണ ജനങ്ങളില്‍ ഇവരുണ്ടാക്കിയെന്നും കാണിച്ച് ഒരുവിഭാഗം ദേശീയനേതൃത്വത്തിന് കത്തയച്ചെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.
വോട്ടെണ്ണലിനു തൊട്ടുപിന്നാലെ കോര്‍കമ്മിറ്റിക്കുശേഷമാണ് ഓണ്‍ലൈനായി സംസ്ഥാന ഭാരവാഹിയോഗം ചേര്‍ന്നത്. ജില്ലാപ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിങ്ങായിരുന്നു പ്രധാനം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും ചെന്നെത്താത്തത് സംസ്ഥാന സര്‍ക്കാരിനു ഗുണകരമായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിനു യോജിക്കാത്ത നിലയിലുള്ള പ്രചാരണമാണ് നടന്നതെന്നു ഹെലികോപ്റ്ററിലെത്തി പ്രചാരണം നടത്തിയ സംസ്ഥാന പ്രസിഡന്റിനെ ലക്ഷ്യമിട്ട് പരാമര്‍ശമുണ്ടായി. എന്‍.ഡി.എയില്‍നിന്നു തെറ്റിനില്‍ക്കുന്ന ബി.ഡി.ജെ.എസി.ന്റേത് ദയനീയ പ്രകടനമായിരുന്നെന്ന വിമര്‍ശനം കോര്‍കമ്മിറ്റി യോഗത്തിലെന്നതുപോലെ സംസ്ഥാന ഭാരവാഹി യോഗത്തിലുമുണ്ടായി.
ബൂത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ നേതാക്കളുടെ പരിശോധനയും തുടര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നടപടികളുമുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണന്‍, ദേശീയനിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിന് സംഘടനാതലത്തില്‍ അശ്രദ്ധയെന്ന് ഭാരവാഹി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. സംസ്ഥാന നേതൃത്വത്തിന് സംഘടനാതല ശ്രദ്ധക്കുറവാണെന്നും ക്രിസ്ത്യന്‍ സമൂഹവുമായി അടുത്തെങ്കിലും പുതിയ ബന്ധം വോട്ടായി മാറ്റാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ബിഡിജെഎസ് വോട്ടുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. പാര്‍ട്ടിയ്ക്ക് ശക്തിയുള്ള തിരുവനന്തപുരത്ത് പോലും എന്‍എസ്എസ് പിന്തുണ നേടുന്നതിലും ബിജെപിയ്ക്ക് പരാജയം സംഭവിച്ചെന്ന് യോഗത്തില്‍ നേതൃത്വത്തിനെതിരെ കുറ്റപ്പെടുത്തലുയര്‍ന്നു.
കൃഷ്ണദാസും ശോഭാസുരേന്ദ്രനും സി കെ പത്മാനാഭനും ഭാരവാഹിയോഗത്തില്‍ വിട്ടുനിന്നുവെങ്കിലും സ്വന്തം പാളയത്തില്‍ നിന്നുപോലും നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായി. പാലക്കാട് ഒഴികെ എല്ലായിടത്തും ബിജെപി ദയനീയമായി പിന്നോട്ട് പോയതിന് കാരണം നേതൃത്വത്തിന്റെ സംഘടനാവീഴ്ചയെന്നാണ് ഭാരവാഹി യോഗത്തില്‍ പലരും വിരല്‍ ചൂണ്ടിയത്.
"
https://www.facebook.com/Malayalivartha

























