ഇനി വരുന്നത് കൊറോണയുടെ ലാർജ് ഔട്ട്ബ്രേക്സ്... കരുതലോടെ ഇരുന്നില്ലെങ്കിൽ കാര്യം അധോഗതിയാവും!

കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച് സമ്പൂർണ ലോക്ഡൗൺ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ശനിയാഴ്ച രാവിലെ 6 മുതൽ 16ന് അർധരാത്രി വരെയാണ് ലോക്ഡൗൺ. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് നേരിട്ടൊരുത്തരം ഇപ്പോഴും അസാധ്യമാണ്. ഒരു കാര്യം ഉറപ്പാണ് എന്തായാലും വൈറസ് വീണ്ടും പലയിടങ്ങളിലായി പൊട്ടിപ്പുറപ്പെടാം എന്നാണ് സൂചന അതായത് ലാർജ് ഔട്ട്ബ്രേക്സ് സംഭവിക്കുമെന്ന്.
ഇപ്പോഴത്തേതിനെ കോവിഡ് തരംഗം എന്നു വിളിക്കുന്നതിനെക്കാൾ, പലയിടത്തും കേസുകൾ പെട്ടെന്നുയർന്നുവെന്നു പറയുന്നതാകും ശരി. ചിലയിടത്തു കേസുകൾ കുറയുന്നുണ്ടെങ്കിലും പൊതുവിൽ വർധന തന്നെയാണ്. കോഴിക്കോട് ജില്ലയിൽ ഇന്നലെ പലയിടങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നു മുകളിലാണ്.
വൈറസും വകഭേദങ്ങളും കൂടുതൽ വ്യാപനശേഷിയുള്ളതായി, വലിയൊരു ശതമാനം ആളുകൾ ഇപ്പോഴും വാക്സീൻ വഴി പ്രതിരോധ സുരക്ഷിതത്വം നേടിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് ‘ലാർജ് ഔട്ട്ബ്രേക്സ്’ ഭീഷണിയുയർത്തുന്നത്.
കോവിഡിനെ ദീർഘകാല വെല്ലുവിളിയായി കാണേണ്ടതിനു പകരം ചെറിയ കാലത്തേക്കുള്ളത് എന്ന മട്ടിലാണ് നാം കണ്ടതും പരിഗണിച്ചതും. കുറച്ചു മാസങ്ങളെടുത്താലും കോവിഡ് പൊയ്ക്കൊള്ളുമെന്നു പലരും ധരിച്ചു. ഇന്ത്യക്കാർക്കു നല്ല പ്രതിരോധശേഷിയുണ്ടെന്നും കോവിഡിനെതിരെ ഇന്ത്യ വിജയിച്ചെന്നും നാം കരുതി. വൈറസ് വകഭേദങ്ങളെക്കാൾ ഈ ഉദാസീനതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള അടിസ്ഥാന കാരണം.
ജനിതകമാറ്റം ഒരു പുതിയ പ്രശ്നമല്ല. നിലനിൽപിനു വേണ്ടി വൈറസുകൾ ജനിതക ഘടനയിൽ മാറ്റം വരുത്തും. ഇതോടെ വൈറസ് പുതിയ വകഭേദങ്ങളാകും. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം ഏതെങ്കിലുമൊരു വൈറസ് വകഭേദമാണെന്നു പറയുക വയ്യ.
ഇപ്പോഴത്തെ രാജ്യവ്യാപക പ്രശ്നത്തിനുള്ള പല കാരണങ്ങളിലൊന്നായി വൈറസ് വകഭേദത്തെ കാണാം. എന്നാൽ, ഇതു മാത്രമാണെന്നു തീർത്തു പറയാൻ കഴിയുന്ന വിധം വലിയതോതിൽ ജനിതക ശ്രേണീകരണം നടന്നിട്ടില്ല. ഇക്കാര്യത്തിൽ നമ്മുടെ നിരീക്ഷണ സംവിധാനങ്ങൾ വളരെ പിന്നിലാണ്; ‘വൈറസിനു വലിയ മാറ്റങ്ങളുണ്ടാകാൻ ഏറെക്കാലം വേണം’ എന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ പൊതുവിൽ പറയാമെന്നു മാത്രം.
രാജ്യത്തെ ഓരോ മേഖലയിലും ഓരോ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കൂടുതലാണെന്നു കാണാം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി117 കൂടുതലാകുമ്പോൾ, ദക്ഷിണേന്ത്യയിൽ എൻ440കെയുടെ സാന്നിധ്യമാണ് കൂടുതൽ; മറ്റു മേഖലകളിൽ വേറെയും. കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്നത് സ്പൈക് പ്രോട്ടീനാണ്. പുതിയ വകഭേദങ്ങളിൽ പലതിലും പ്രധാന മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളത് ഈ സ്പൈക് പ്രോട്ടീനിലാണ്. ഇതു വൈറസിനെ കൂടുതൽ വ്യാപനശേഷിയുള്ളതാക്കുന്നു.
വൈറസിന്റെ കണ്ണിലൂടെ നോക്കിയാൽ, ഈ ചെറിയ കാലത്തിനിടെ വൈറസ് കൈവരിച്ച പ്രധാന നേട്ടം വ്യാപനശേഷി തന്നെയാണ്. വളരെപ്പെട്ടെന്നാണു പുതിയ വകഭേദങ്ങൾ കൂടുതൽ പേരിലേക്ക് എത്തുന്നത്. എന്നാൽ, വൈറസ് എത്ര വേഗം വ്യാപിക്കുമെന്നതിനു കൃത്യമായ കണക്കു പറയാൻ കഴിയില്ല. വ്യാപനത്തിന്റെ വേഗം, വൈറസ് എത്തിപ്പെടുന്ന സാഹചര്യമുൾപ്പെടെ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
വൈറസിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി അകലം പാലിക്കൽ തന്നെയാണ്. എന്നാൽ, പലയിടത്തും ഇതു നടപ്പാകുന്നില്ല. അകലം പാലിക്കാതിരിക്കുമ്പോൾ വൈറസ് വകഭേദങ്ങൾക്കു സ്വാഭാവികമായും വ്യാപനശേഷി കിട്ടും. അതേസമയം, രോഗതീവ്രതയുടെയും മരണത്തിന്റെയും കാര്യത്തിൽ ഇവ കൂടുതൽ അപകടകാരിയല്ല.
കൊറോണയുടെ പല വൈറസ് വകഭേദങ്ങൾ ഇന്ത്യയിൽത്തന്നെ പലയിടത്തായുണ്ട്. എന്നാൽ, പല വകഭേദങ്ങൾ ഒരേസമയം ആളുകളെ ബാധിക്കാനിടയില്ല. ഇനിയും വ്യക്തത വരേണ്ടതുണ്ടെങ്കിലും വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ഓരോ വകഭേദത്തിനും ഓരോ രീതിയും വേഗവുമാണ്. അവ ഒന്നായിച്ചേർന്ന് കൂടുതൽ അപകടകാരിയാകാനുള്ള സാധ്യത കുറവ്.
കോവിഡ് മഹാമാരിക്കെതിരായ പ്രധാന ആയുധം വാക്സീൻ തന്നെയാണ്. എന്നാൽ, അതും മാന്ത്രികദണ്ഡാണ് എന്നു പറയാൻ കഴിയില്ല. കാരണം, വൈറസ് പിടിപെടാനുള്ള സാധ്യത കാര്യമായി കുറയ്ക്കുന്നുണ്ടെങ്കിലും തീർത്തും പിടിപെടില്ലെന്ന് ഉറപ്പിക്കാൻ വാക്സീനുകൾക്കും കഴിയുന്നില്ല എന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha

























