ഇത്രയും പ്രതീക്ഷിച്ചില്ല... തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ പരാജയത്തിന് ശേഷമുള്ള ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ സംസ്ഥാന തേതൃത്വത്തിനും കേന്ദ്രമന്ത്രിക്കും വിമര്‍ശനം; വിമര്‍ശനം കത്തിക്കയറിയപ്പോള്‍ യോഗം ബഹിഷ്‌കരിച്ച് വി മുരളീധരന്‍

സത്യത്തില്‍ ഇന്നലത്തെ ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ഞെട്ടിപ്പോയി. താന്‍ പങ്കെടുത്തത് സിപിഎമ്മിന്റെ മടയിലുള്ള യോഗത്തിലാണോ എന്ന് പോലും ചിന്തിച്ചു പോയി. അത്രയ്ക്ക് പച്ചയ്ക്കുള്ള വിമര്‍ശനമാണ് ജില്ലാ നേതാക്കള്‍ ഉന്നയിച്ചത്. ഒരു കേന്ദ്ര നേതാവെന്നോ കേന്ദ്രമന്ത്രിയെന്നോവുള്ള പരിഗണ നല്‍കാതെയാണ് നേതാക്കള്‍ ആഞ്ഞടിച്ചത്.
സംസ്ഥാന നേതൃത്വത്തിനും കേന്ദ്രമന്ത്രിക്കും എതിരെ വിമര്‍ശനം കടുത്തതോടെ ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗം പകുതിയായപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബഹിഷ്‌കരിച്ചു. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നു വിവിധ മണ്ഡലം പ്രസിഡന്റുമാര്‍ ആരോപണമുന്നയിച്ചിരുന്നു.
സംസ്ഥാന പ്രസിഡന്റ് 2 മണ്ഡലങ്ങളില്‍ മത്സരിച്ചതോടെ മറ്റിടങ്ങളില്‍ ശ്രദ്ധിക്കാന്‍ ആളില്ലാതായി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഏകോപനത്തില്‍ വി.മുരളീധരനു വീഴ്ച സംഭവിച്ചുവെന്നും ജില്ലയിലെ നേതാക്കള്‍ ആരോപണമുന്നയിച്ചു. വിമര്‍ശനങ്ങള്‍ മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചതോടെ യോഗത്തില്‍ സംസാരിക്കാതെ വി.മുരളീധരന്‍ പോകുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് വി.മുരളീധരന്‍ ജില്ലാ യോഗത്തില്‍നിന്നു പോയതെന്നു സംസ്ഥാന നേതാക്കള്‍ വിശദീകരിച്ചു.
കേരളത്തില്‍ ബിജെപിക്കുണ്ടായ തോല്‍വിയെക്കുറിച്ചു വിശദമായി വിലയിരുത്തുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. 2016ലും 2019ലും ബിജെപിക്കു കിട്ടിയ ചില ജനവിഭാഗങ്ങളുടെ പിന്തുണ ഇപ്പോള്‍ കിട്ടിയില്ല എന്ന പൊതുവിലയിരുത്തലുണ്ട്. വോട്ടുകച്ചവടമെന്നത് അനാവശ്യമായ രാഷ്ട്രീയ ദുരാരോപണം തള്ളിക്കളയുന്നു. മഹാമാരിയെ നേരിടുമ്പോള്‍ അതു നേരിടുന്ന സര്‍ക്കാരുകള്‍ക്ക് പോരാമയ്മകളുണ്ടെങ്കിലും തല്‍സ്ഥിതി തുടരട്ടെ എന്നു ജനങ്ങള്‍ ചിന്തിച്ചു.
ബംഗാളില്‍ നടക്കുന്നത് അക്രമങ്ങളില്‍ അവിടുത്തെ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. മമതയുടെ വിജയത്തില്‍ തീവ്രജിഹാദി സംഘടനകളുടെ പങ്ക് വ്യക്തമാണ്. ഇപ്പോഴത്തെ അക്രമങ്ങളിലും അവര്‍ക്കു പങ്കുണ്ടെന്ന് സൂചനകളുണ്ട്.
കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം. സ്വകാര്യ ആശുപത്രികളിലേതടക്കം ലഭ്യമായ കോവിഡ് കിടക്കകളുടെ എണ്ണം പുറത്തു വിടണം. മുഖ്യമന്ത്രിക്കെതിരെ വെറുതേ ആരോപണമുന്നയിക്കുന്നുവെന്ന പ്രചാരണം തെറ്റ്. ജനപക്ഷത്തു നിന്നുള്ള ഇടപെടലുകളാണ് നടത്തുന്നത്. കേരളത്തിലെ മുഖ്യ പ്രതിപക്ഷം നിശബ്ദമാണ് എന്നും വി മുരളീധരന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച പകലായിരുന്നു യോഗം നടന്നത്. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നും യോഗത്തില്‍ ആരോപണമുണ്ടായി. കൊയിലാണ്ടി മണ്ഡലം ഭാരവാഹി ഉന്നയിച്ച വിമര്‍ശനമാണ് മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്.
ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയമേറ്റിരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോല്‍വിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തല്‍. ഇതോടെ മുരളീധരന്‍ ക്ഷുഭിതനായി യോഗത്തില്‍ സംസാരിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു.
https://www.facebook.com/Malayalivartha



























