പിണറായി 2.0: 21 അംഗ മന്ത്രിസഭയാകും അധികാരമേൽക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്, എൽ ജെ ഡിയുടെ പ്രതീക്ഷകൾ മങ്ങുന്നു; ആന്‍റണി രാജു മന്ത്രിയായേക്കും

സത്യപ്രതിജ്ഞ മെയ് 20ന് തന്നെ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. പുതിയ മന്ത്രിസഭയിൽ ആരൊക്കെയാകും എന്ന ചോദ്യത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം മന്ത്രിസഭയിൽ എൽ ജെ ഡിയുടെ സാധ്യകൾ മങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും മന്ത്രിമാരുടെ എണ്ണത്തെക്കുറിച്ചോ, കക്ഷികളുടെ പ്രാതിനിധ്യത്തെക്കുറിച്ചോ എൽഡിഎഫ് കൺവീനറോ മറ്റോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 21 അംഗങ്ങളാകും പുതിയ മന്ത്രിസഭയിൽ ഉണ്ടാവുക. പുതിയ കക്ഷികൾക്ക് പ്രാതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി സിപിഎം മന്ത്രിമാരുടെ എണ്ണം കുറക്കുകയാണെങ്കിൽ പ്രധാന കക്ഷിയുടെ മന്ത്രിമാരുടെ എണ്ണം 12 ആയി മാറും.
രണ്ട് അംഗങ്ങളുള്ള ജനതാദൾ എസിന് ഒരു മന്ത്രിസ്ഥാനം ഉറപ്പുമാണ്. എന്നാൽ ലയന നിർദേശം എൽജെഡി തള്ളിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനതാദൾ എസിന് ഇത്തവണ രണ്ട് എംഎൽഎമാരെ ലഭിച്ചപ്പോൾ ലോക്താന്ത്രിക് ജനതാദളിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
21 അംഗ മന്ത്രിസഭയിലേക്ക് പ്രധാന പാർട്ടികളുടെ സീറ്റ് കഴിഞ്ഞാൽ ബാക്കിയുള്ള രണ്ട് സ്ഥാനത്തേക്ക് എൽജെഡിയെ കൂടാതെ അഞ്ച് ഏകാംഗ പാർട്ടികളാണ് രംഗത്തുള്ളത്.
കോണ്‍ഗ്രസ് എസ്, കേരള കോൺഗ്രസ് ബി, ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ്, ആർഎസ്പിഎൽ എന്നിവർ. കഴിഞ്ഞ തവണ മന്ത്രിസഭയിലുണ്ടായിരുന്ന കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനെയും മാറ്റി നിർത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരള കോൺഗ്രസ് ബി, ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നിവയുടെ പ്രതിനിധികൾക്കാകും സാധ്യത ഉണ്ടാവുക.
ഒരു മന്ത്രിസ്ഥാനം ഗണേഷ് കുമാറിനാണെങ്കിൽ അവശേഷിക്കുന്ന ഏക സ്ഥാനത്തേക്ക് രംഗത്തുള്ളത് ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ഏക എംഎൽഎ ആന്‍റണി രാജുവും ഐഎൻഎൽ അംഗം അഹമ്മദ് ദേവർകോവിലുമാണ്. ആന്‍റണി രാജുവിനെ ലത്തീൻ പ്രാതിനിധ്യം കൂടി കണക്കിലെടുത്തു മന്ത്രിസഭയിലേക്കു പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം പിടിച്ചെടുത്താണ് ജയമെന്നതും ദീർഘകാലമായി ഇടത് പക്ഷത്തിനൊപ്പമെന്നതും ആന്‍റണി രാജുവിന് സാധ്യതകൾ കൽപ്പിക്കുന്നുണ്ട്. അതേസമയം മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐഎന്‍എല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് കത്ത് നല്‍കിയെന്ന വാർത്ത കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. മുസ്ലീം ലീഗിന്‍റെ സീറ്റായിരുന്ന കോഴിക്കോട് സൗത്ത് പിടിച്ചെടുത്താണ് അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയിലെത്തിയത്.
https://www.facebook.com/Malayalivartha


























