ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കേക്ക് മുറിക്കല്‍: ഡി.ജി.പിക്ക് പരാതി നല്‍കി

തുടര്‍ഭരണം ലഭിച്ച ശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയെന്റ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കേക്ക് മുറിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എം. മുനീര്‍ ഡി.ജി.പിക്ക് പരാതി നല്‍കി.
മേയ് 17 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ കലക്ടര്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിയമലംഘനം നടന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ പൗരെന്റ മൗലികാവകാശമായ തൊഴില്‍ ചെയ്യാന്‍ വേണ്ടിയുള്ള സഞ്ചാരം പോലും തടയപ്പെട്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഈ കഷ്ടപ്പാടൊക്കെ ജനങ്ങള്‍ സഹിക്കുന്നു.
ഇത്ര ശക്തമായ നിരോധന ഉത്തരവ് നിലനില്‍ക്കെയാണ് അത് ലംഘിച്ചുകൊണ്ട് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന എ.കെ.ജി സെന്‍ററില്‍ തിങ്കളാഴ്ച രാവിലെ എല്‍.ഡി.എഫ് നേതാക്കള്‍ ഒത്തുകൂടി കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.
കേരളത്തിെന്റ കാവല്‍ മുഖമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍, കാവല്‍ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ആന്‍റണി രാജു, ജോസ് കെ. മാണി എന്നിവരുള്‍പ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ആഘോഷ ചടങ്ങില്‍ പങ്കെടുത്തത്.
ജില്ല കലക്ടറുടെ ഉത്തരവുപ്രകാരം എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. അതുപോലെ തന്നെ അവശ്യ സേവനങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ക്കും രോഗികള്‍ക്കുമാണ് സഞ്ചാര അനുമതിയുള്ളത്. മറ്റുള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന വ്യവസ്ഥ ഇവര്‍ ലംഘിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും ലംഘിച്ചിരിക്കുന്നു.
ആയിരക്കണക്കിന് അനുയായികളുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ചെയ്യുന്ന നിയമ ലംഘനം കൂടുതല്‍ ഗൗരവത്തോടു കൂടി കാണണം. അവരുടെ പ്രവര്‍ത്തികള്‍ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം നിയമലംഘനം നടത്താന്‍ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.
ട്രിപ്പിള്‍ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ പകര്‍പ്പ് ജില്ല കലക്ടര്‍, തിരുവനന്തപുരം ഐ.ജി, കമീഷണര്‍ തുടങ്ങിയവര്‍ക്കും കൈമാറി.
https://www.facebook.com/Malayalivartha





















