ഇത്രയും സ്വപ്‌നേപി വിചാരിച്ചില്ല... എഎ റഹീമിനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയ പോരാളി ഷാജിയെ ഒതുക്കി; ഇനി ആഷിക് ആന്‍ഡ് റിമ ടീം; സൈബറിടത്തില്‍ പുതിയ പോര് തുടങ്ങി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തേയും വിമര്‍ശിക്കാന്‍ പാര്‍ട്ടി എന്നത് പോരാളി ഷാജിയല്ല

സൈബറിടത്തില്‍ നിറഞ്ഞുനിന്ന പോരാളി ഷാജി തീര്‍ന്നു, അഥവാ തീര്‍ത്തു. ഇടതുപക്ഷ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്ന പോരാളി ഷാജി എന്ന് പേരുള്ള പേജിനെ കടന്നാക്രമിച്ച് കടന്നാക്രമിച്ച് ഇടത് അനുകൂല ട്രോള്‍ ഗ്രൂപ്പായ സൈബര്‍ ട്രോളേഴ്‌സ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തേയും വിമര്‍ശിക്കാന്‍ പാര്‍ട്ടി എന്നത് പോരാളി ഷാജിയല്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്.
ജോജി, അക്കരെ നിന്നൊരു മാരന്‍ എന്നീ ചിത്രങ്ങളിലെയും മറ്റും രംഗങ്ങളും മാറ്റം വരുത്തിയ സംഭാഷണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഇടതുപക്ഷ വിമര്‍ശകര്‍ക്കെതിരെയുള്ള തങ്ങളുടെ നിലപാട് ട്രോള്‍ ഗ്രൂപ്പ് വ്യക്തമാക്കിയത്.
ആരോഗ്യമന്ത്രിയായ കെകെ ശൈലജയെ പുതിയ ഇടത് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെടാണ് പോരാളി ഷാജി ആദ്യം വിയോജിപ്പ് പ്രകടമാക്കിയത്. കെകെ ശൈലജയെ തിരികെ വിളിക്കണമെന്നും ശൈലജ ടീച്ചര്‍ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ഇല്ലായിരുന്നുവെങ്കില്‍ തുടര്‍ഭരണം നേടാന്‍ ഇടതുപക്ഷത്തിന് കഴിയില്ലായിരുന്നു എന്നും പറഞ്ഞുകൊണ്ടാണ് 'പോരാളി ഷാജി' വിയോജിപ്പറിയിച്ചത്.
ഇതിനുപിന്നാലെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടേതാണെന്ന് പറഞ്ഞുകൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം പോരാളി ഷാജിക്കെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് പോരാളി ഷാജി റഹിമിനെതിരെ തിരിഞ്ഞെങ്കിലും പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നു. ഇതിനെ തുടര്‍ന്നാണ് 'സൈബര്‍ ട്രോളേഴ്‌സ്' ട്രോളുകളിലൂടെ 'പോരാളി ഷാജി'ക്കെതിരെ രംഗത്തുവന്നത്.
ഇതോടൊപ്പം അക്കരെ നിന്നൊരു മാരന്‍ ട്രോളിലൂടെ ഇടതുപക്ഷാനുകൂലികളായ ആഷിക് അബുവിനെതിരെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിമ കല്ലിംഗലിനെതിരെയും ഇടത് ട്രോള്‍ ഗ്രൂപ്പ് നിലപാടെടുക്കുന്നുണ്ട്. അടുത്ത കൊട്ട് നിനക്കിട്ടൊക്കെ ആണ് എന്നാണ് ഈ ട്രോളില്‍ കാണുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി ശൈലജ ടീച്ചര്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നും അവരെ തിരികെ കൊണ്ടുവരണമെന്നും റിമ കല്ലിംഗല്‍ പ്രതികരിച്ചിരുന്നു. അന്തരിച്ച തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ആര്‍ ഗൗരിയമ്മ ശൈലജ ടീച്ചര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റിമ ഈ അഭിപ്രായം തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ പറഞ്ഞത്. അതേസമയം, ആഷിക് അബു മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച നിലപാടിനെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
പോരാളി ഷാജിയെന്ന ഇടത് അനുകൂല ഫേസ്ബുക്ക് അക്കൗണ്ട് സി.പി.ഐ.എമ്മിന്റേതല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ എ.എ റഹീം പറഞ്ഞിരുന്നു. മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സി.പി.ഐ.എമ്മിനോ ഡി.വൈ.എഫ്.ഐക്കോ പോരാളി ഷാജിയുമായി ഒരു ബന്ധവുമില്ലെന്ന് എ.എ റഹീം പറഞ്ഞു. കെ.കെ ശൈലജയെ മന്ത്രിസ്ഥാനത്ത് തഴഞ്ഞതില്‍ പോരാളി ഷാജിയെപ്പോലുള്ളവരും എതിര്‍പ്പറിയിച്ചിരുന്നു എന്ന് പറഞ്ഞപ്പോഴായിരുന്നു റഹീമിന്റെ മറുപടി.
ഇതോടെയാണ് ശക്തമായ ഭാഷയില്‍ പോരാളി ഷാജി രംഗത്തെത്തിയത്. വല്ലാതെ അഹങ്കരിക്കരുത് റഹീമേ... എനിക്ക് റഹീമിന്റെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും വേണ്ട.. പാര്‍ട്ടിയുടെ ശമ്പളവും വെണ്ട.. പറയാനുള്ളത് പറയും..നന്മകള്‍ പ്രചരിപ്പിക്കുകയും ചെയ്യും.. എന്നായിരുന്നു പോരാളി ഷാജിയുടെ പോസ്റ്റ്. ഈ പോസ്റ്റിന് പിന്നാലെയാണ് പോരാളി ഷാജിയ കാണാതായത്...
"
https://www.facebook.com/Malayalivartha





















