വിഡി സതീശനെ ആ സ്ഥാനത്തേക്ക് നിയമിച്ചെങ്കിലും അദ്ദേഹം വിചാരിച്ചാലും കോൺഗ്രസ് രക്ഷപ്പെടില്ല: പരിഹാസവുമായി കെ സുരേന്ദ്രൻ

പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോൺഗ്രസ് ചുമതലപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ. വിഡി സതീശനെ ആ സ്ഥാനത്തേക്ക് നിയമിച്ചെങ്കിലും അദ്ദേഹം വിചാരിച്ചാലും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കെ.സുരേന്ദ്രൻ പരിഹസിച്ചു. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശൻ വർഗീയതയ്ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രൻ ആരാഞ്ഞു.
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സർക്കാർ അവഗണിക്കുകയാണെന്നും സൗമ്യയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല കൊടകര കള്ളപ്പണ കേസിൽ ബി.ജെ.പിയെ ബന്ധപ്പെടുത്താൻ കഴിയില്ല. അതിന് എത്ര ശ്രമിച്ചാലും സർക്കാരിന് നിരാശയായിരിക്കും ഫലം. തിരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂർണമായും ഡിജിറ്റലായിരുന്നു. വിഷയത്തിൽ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ തറപ്പിച്ചു പറഞ്ഞു.
ഇന്ന് ഉച്ചയോടെയായിരുന്നു പ്രതിപക്ഷ നേതാവിനെ കോൺഗ്രസ് തെരഞ്ഞെടുത്തത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശൻ. വലിയ വെല്ലുവിളികൾ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യു.ഡി.എഫ്. പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ യു.ഡി.എഫിനെ, കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരും.
കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമാവാൻ പ്രവർത്തിക്കുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽനിന്ന് കയറാൻ അഴിച്ചുപണി നടത്തൊനൊരുങ്ങുകയാണ് ബി.ജെ.പി.
https://www.facebook.com/Malayalivartha






















