മൊടകണ്ടാല്‍ ഇടപെടും... മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റുന്നതില്‍ തുടങ്ങിയ പ്രതിഷേധം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ മത്സരിപ്പിക്കരുത്, ബീഫ് നിരോധനം എന്നിവയായതോടെ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമായി; തിരിച്ചു വിളിക്കുന്നതിനായി മുറവിളി

കേരളത്തോട് ഏറെ ചേര്‍ന്നുകിടക്കുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററെ ചൊല്ലി കാര്യങ്ങള്‍ വഷളാകുകയാണ്. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ കാവിവത്കരണം നടത്തുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ വ്യാപകമായി. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളില്‍ കേരളത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രഭരണ പ്രദേശത്തെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രതികരണം.
ഗുണ്ടാനിയമം, ഗോവധ നിരോധനനിയമം, പഞ്ചായത്ത് റെഗുലേഷന്‍ നിയമം, ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിട്ടിക്കായുള്ള നിയമം എന്നിവ കരട് വിജ്ഞാപനം ചെയ്ത് ജനാഭിപ്രായം സ്വീകരിച്ച് അംഗീകാരത്തിനായി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചിരിക്കുകയാണ്. അതിനിടെ, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എളമരം കരീം എം.പി എന്നിവരും എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റികളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. കോസ്റ്റല്‍ റെഗുലേഷന്‍ ആക്ടിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റുന്നു രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ പഞ്ചായത്ത് സഹകരണസംഘം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കി 99 ശതമാനം മുസ്ലിം ജനതയുള്ള ലക്ഷദ്വീപില്‍ ഗോമാംസം നിരോധിച്ചു.
സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് നീക്കി പ്രിവന്‍ഷന്‍ ഒഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ബില്‍ (ഗുണ്ടാ നിയമം) പിന്‍വലിക്കണം. ടൂറിസ്റ്റുകള്‍ക്ക് മദ്യം വില്‍ക്കാന്‍ നല്‍കിയ അനുവാദം പിന്‍വലിക്കണം. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി കെട്ടിടങ്ങള്‍ പൊളിക്കാന്‍ തയ്യാറാക്കിയ ലിസ്റ്റ് തള്ളിക്കളയണം. ക്വാറന്റൈനില്‍ ഇളവ് വരുത്തിയത് കൊവിഡ് രോഗം പടരാന്‍ കാരണമാക്കി എന്നും അവര പറയുന്നു.
എന്നാല്‍ ഭരണകൂടം പറയുന്നത് വ്യാജവാര്‍ത്തകളിലൂടെ പ്രതിഷേധം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയതിനാലാണ് ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് വിലക്കേര്‍പ്പെടുത്തിയത്. ജനസംഖ്യ നിയന്ത്രിക്കാനാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ അയോഗ്യരാക്കിയത്. ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളുണ്ടായവര്‍ക്ക് ഇളവു ലഭിക്കും. ദാമന്‍, ദിയു മാതൃകയിലുള്ള നിയമങ്ങളാണ് നടപ്പിലാക്കുന്നത്. വ്യാജമദ്യ മയക്കുമരുന്ന് ലോബികളെ നിയന്ത്രിക്കാനാണ് ടൂറിസ്റ്റുകള്‍ക്ക് മദ്യം അനുവദിച്ചത്.
ജനവിരുദ്ധമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താനാണ് ശ്രമമെന്നാണ് പി.പി. മുഹമ്മദ് ഫൈസല്‍ എം.പി പറയുന്നത്. ഇത് ലക്ഷദ്വീപിനെ തകര്‍ക്കാനാണ്. മദ്യവിതരണം ജനവാസമുള്ള സ്ഥലങ്ങളിലും നടപ്പിലാക്കി. അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംപി പറഞ്ഞു.
ലക്ഷദ്വീപില്‍ രാഷ്ട്രീയ ഇടം കിട്ടാത്ത കമ്മ്യൂണിസ്റ്റ്, മുസ്ലിംലീഗ് ജിഹാദി ഗ്രൂപ്പുകളാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നുണപ്രചാരണം നടത്തുന്നതെന്ന് ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്‌കൂളുകളില്‍ മാംസം നിരോധിക്കുന്നത് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ചാണ്. മദ്യം ദ്വീപില്‍ നല്‍കിയത് പി.എം.സെയ്ത് എം.പിയായ കോണ്‍ഗ്രസ് ഭരണകാലത്താണ്. സ്ഥലം ഏറ്റെടുക്കുന്ന നിയമം 240 കോടി രൂപയുടെ അഗത്തി എയര്‍പോര്‍ട്ട് വികസനത്തിനായാണെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
അതേസമയം ലക്ഷദ്വീപിലെ സംഭവങ്ങളെ അപലപിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്നും ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha



























