ഇത് ലെവല്‍ വേറെയാ... പിറന്നാള്‍ ജനത്തില്‍ സകലരേയും ഞെട്ടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നു; ഗവര്‍ണറുടെ അപ്രതീക്ഷിത വരവും സമ്മാനവും; പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ആശംസ നേര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനത്തില്‍ ശരിക്കും ഞെട്ടിപ്പിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്. ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് ക്ലിഫ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു. ഇതോടൊപ്പം സമ്മാനവും നല്‍കി. മോണ്ട് ബ്ലാങ്കിന്റെ പേന, പിറന്നാള്‍ കേക്ക്, ചോക്ലേറ്റ്, പൂച്ചെണ്ട് ഇതൊക്കെയായിരുന്നു ഗവര്‍ണറുടെ സമ്മാനം. ഗവര്‍ണറുമായി കഴിഞ്ഞ തവണ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ വരവോടെ അതെല്ലാം മായ്ച്ചു കളഞ്ഞു. സദ്യയും കഴിച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്.
പിറന്നാള്‍ ദിവസമാണ് അംഗമായി സത്യപ്രതിജ്ഞചെയ്തതെങ്കിലും സഭയില്‍ മധുരവിതരണമുണ്ടായില്ല. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നേരിട്ടെത്തി ആശംസകള്‍ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ശരദ്‌യാദവ്, സുപ്രിയ സൂലെ, ശശി തരൂര്‍, അര്‍ജുന്‍ മുണ്ട, സുരേഷ് പ്രഭു, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ഹേമന്ത് സോറന്‍, ഹിമന്ത ബിശ്വാസ് ശര്‍മ, കോണ്‍റാഡ് സാംഗ്മ, എന്‍.ബിരേന്‍ സിങ് എന്നിവരും കേന്ദ്രമന്ത്രിമാരായ നിതിന്‍ ഖഡ്കരി, രത്തന്‍ ലാല്‍ കാട്ടാരിയ, സഞ്ജയ് ധോട്രെ, ഡോ. മഹേന്ദ്ര നാഥ് പണ്ഡേ, ഫാഗന്‍ സിങ് കുലസ്‌റ്റെ തുടങ്ങിയവരും ട്വിറ്ററില്‍ ആശംസ നേര്‍ന്നവരില്‍ പ്രമുഖരാണ്. ചലച്ചിത്രതാരം മോഹന്‍ലാല്‍ ടെലിഫോണില്‍ വിളിച്ച് ആശംസ നേര്‍ന്നു.
ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. ഇതല്ല, യഥാര്‍ഥദിനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് അഞ്ചുവര്‍ഷം മുമ്പാണ്.
പതിനഞ്ചാം നിയമസഭയുടെ ആദ്യദിനം രാവിലെ സത്യപ്രതിജ്ഞാ ചടങ്ങിനായി നിയമസഭയില്‍ എത്തിയ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സാമാജികര്‍ ആശംസ നേര്‍ന്നു.
മന്ത്രി പി.പ്രസാദിന്റെ 52ാം പിറന്നാളും ഇന്നലെയായിരുന്നു. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസായ എം.എന്‍.സ്മാരകത്തിലായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം.
പതിനഞ്ചാം നിയമസഭയുടെ രണ്ടാംദിനത്തിനും പിറന്നാള്‍ മധുരം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് 65ാം ജന്മദിനമാണിന്ന്.
പിണറായി വിജയന് ഇന്നലെ 76ന്റെ നിറവായിരുന്നു. ഭരണ സിംഹാസനത്തില്‍ രണ്ടാമൂഴം ലഭിച്ചതിന്റെ ഇരട്ടിമധുരമുണ്ടായിരുന്നു ഈ പിറന്നാളിന്. ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്നലെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്.
1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകന്‍. ഇല്ലായ്മയില്‍ കരിയാതെ തളിര്‍ത്ത ബാല്യം. പോരാട്ടത്തിന്റെ കനലുകള്‍ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി.
ഒന്നരപതിറ്റാണ്ട് കാലം പാര്‍ട്ടി സെക്രട്ടറിയായി. 2016ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ് പിറന്നാള്‍ രഹസ്യം കുസൃതിചിരിയോടെ പിണറായി വെളിപ്പെടുത്തിയത്. എല്ലാവര്‍ക്കും ഒരു മധുരം തരുന്നുണ്ട് ആദ്യം. ഇത് എന്ത് വകയാണെന്ന് നിങ്ങള്‍ക്ക് പറയാം. ഇന്നാണെന്റെ പിറന്നാള്‍ എകെജി സെന്ററില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് അന്ന് അദ്ദേഹം പറഞ്ഞു.
അന്നുമുതല്‍ മെയ് 24 പിണറായി വിജയന്റെ ജന്മദിനമെന്ന് കുറിച്ചിട്ടു കേരളം. ആര്‍ത്തിരച്ചുവന്ന പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകര്‍ന്ന നേതാവ്. കണിശക്കാരനില്‍ നിന്ന് ജനകീയ മുഖ്യമന്ത്രി എന്ന വഴിത്തിരിവിലൂടെയാണ് 76 ഉം കടന്ന് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























