കോളിളക്കം സൃഷ്ടിച്ച സംസ്ഥാനത്തെ 900 ൽ അധികം നഴ്സുമാരെ ചതിച്ച കേസ്; ഇരുപതിനായിരം രൂപക്ക് പകരം സർവീസ് ചാർജായി ഈടാക്കിയത് 18. 5 ലക്ഷം മുതൽ 20 ലക്ഷം വരെ, വൈവ പരീക്ഷയടക്കം നടത്തുന്നത് ഉതുപ്പ് വർഗീസിൻ്റെ അൽ സറാഫ ഇൻ്റർനാഷണൽ മാൻപവർ സ്ഥപനത്തിൽ വച്ച്, മുങ്ങിയ ഉതുപ്പിനെ സിബിഐ പിടികൂടിയത് ഇൻ്റെർപോളിൻ്റെ സഹായത്തോടെ യുഎ ഇയിൽ നിന്നും...

സംസ്ഥാനത്തെ 900 ലധികം നഴ്സുമാരെ വഞ്ചിച്ച് 205.71 കോടി രൂപ കരസ്ഥമാക്കിയ കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെൻ്റ് കേസിൽ കൊച്ചി പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്സും സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികളുമടക്കം 11 പ്രതികൾ ഹാജരാകാൻ എറണാകുളം കലൂർ സി ബി ഐ സ്പെഷ്യൽ കോടതി ഉത്തരവിട്ടു. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻ്റ്സിൻ്റെ ഒത്താശയോടെ നടന്ന റിക്രൂട്ട്മെൻ്റ് തട്ടിപ്പിൽ കുറ്റം ചുമത്തലിന് മുന്നോടിയായി ഉതുപ്പ് വർഗീസും പി.ജെ. മാത്യുവുമടക്കമുള്ള പ്രതികൾ മെയ് 31 ന് ഹാജരാകാനാണ് കോടതി നിർദേശം.
നഴ്സിംഗ് റിക്രൂട്ട്മെൻ്റ് തട്ടിപ്പു കേസിൽ 1 മുതൽ 11 വരെ പ്രതികളായ കൊച്ചി പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻ്റ്സ് എൽ. അഡോൾഫസ് , കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ 2015 ൽ കൺസൾട്ടൻസി കരാർ ലഭിച്ച 7 സ്ഥാപനങ്ങളിൽ ഒന്നായ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സറാഫാ ട്രാവൽ ആൻറ് മാൻപവർ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മൈലക്കാട്ട് ഉതുപ്പു വർഗീസ് , ഡയറക്ടർമാരായ ജോസിജോൺ , കെ.എസ്. പ്രദീപ് , വി.എസ്. സുരേഷ് ബാബു , കെ. അബ്ദുൾ നാസർ , സൂസൻ ഉതുപ്പെന്ന സൂസൻ തോമസ് , കൺസൾട്ടൻസി കരാർ ലഭിച്ച മറ്റൊരു സ്ഥാപനമായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാത്യു ഇൻറർ നാഷണൽ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയക്ടർ പി.ജെ. മാത്യുവെന്ന പുത്തൻവീട്ടിൽ ജോസഫ് മാത്യു , ഡയറക്ടർമാരായ മുനവറ അസോസിയേറ്റ്സിൻ്റെ മഹമൂദ് നൈന പ്രഭു , തോമസ് മാത്യു , ജോയി എന്ന ജോർജ് ജോസ് എന്നിവരാണ് ഹാജരാകേണ്ടത്.
2015-16 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫ് രാജ്യമായ കുവൈറ്റിൽ
നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ അധിക തുക ഈടാക്കി കൊണ്ടുപോവുകയായിരുന്നു. അംഗീകൃത നിരക്കായ 18,500 - 20,000 രൂപയ്ക്ക് പകരം 18.5 മുതൽ 20 ലക്ഷം രൂപ വരെ അമിത സർവ്വീസ് ചാർജ് ഈടാക്കിയായിരുന്നു തട്ടിപ്പ്.കൊച്ചി , മുംബൈ എന്നിവിടങ്ങളിൽ വച്ച് ഒറ്റ ദിവസം 250 ഉദ്യോഗാർത്ഥികളെ വച്ച് ഉതുപ്പ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ എൻട്രൻസ് എഴുത്തുപരീക്ഷ, വൈവ വോസി വാച്യാ പരീക്ഷ , ഇൻ്റർവ്യൂ എന്നിവ നടത്തിയാണ് വൻ തട്ടിപ്പിന് കളമൊരുക്കിയത്. ഇൻ്റർനെറ്റിലൂടെയും വർത്തമാന പത്രങ്ങളിലൂടെയും വൻ പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിപ്പിച്ച് റിക്രൂട്ട്മെൻ്റ് നടത്തിയത്. റിക്രൂട്ട്മെൻ്റിലൂടെ 205. 71 കോടി വരെ അനധികൃതമായി ഇവർ സമ്പാദിച്ചുവെന്നാണ് കേസ്.
2017 ജനുവരി 31 ലും ജൂൺ 27 ലുമായാണ് ഉതുപ്പു വർഗ്ഗീസടങ്ങുന്ന സംഘത്തിനെതിരെയും മാത്യുവിൻ്റെ സംഘത്തിനെതിരെയും രണ്ടു കേസുകളിലായി സിബിഐ വെവ്വേറെ കുറ്റപത്രം സമർപ്പിച്ചത്. രണ്ടു കേസിലും പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻ്റ്സ് അഡോൾഫാണ് ഒന്നാം പ്രതി. ചട്ടങ്ങൾ ലംഘിച്ച് കേരളത്തിൽ നിന്ന് നഴ്സുസുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിനായി വൻ തുക വാങ്ങിയതിനും സ്ഥാപനങ്ങൾക്കെതിരെ 2015ൽ സി ബി ഐ കേസെടുത്തു. കേസെടുത്തതിഞ്ഞ് അറസ്റ്റ് ഭയന്ന് മാത്യു മുംബൈയിലേക്ക് മുങ്ങി. ഒടുവിൽ സിബിഐ മുംബൈയിലെത്തി മാത്യുവിനെ പിടി കൂടുകയായിരുന്നു.
അൽ സറാഫ സ്ഥാപന ഉടമ ഉതുപ്പ് വർഗീസിനെ പ്രതിയാക്കി സിബിഐ അന്വേഷണം നടത്തുന്നതിനിടെയാണ് മുംബൈ ആസ്ഥാനമായ മാത്യു ഇൻ്റർനാഷണലിൻ്റെ തട്ടിപ്പ് വെളിച്ചത്ത് വന്നത്. ഒളിവിൽ പോയ ഉതുപ്പ് വർഗ്ഗീസിനെ ഇൻ്റർപോളിൻ്റെ സഹായത്തോടെ യു.എ.ഇ. യിൽ നിന്നാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. കൊച്ചി മാത്യു ഇൻറർനാഷണൽ , കെ.ജെ. ഇൻ്റർനാഷണൽ , ചങ്ങനാശേരിയിലെ പാൻ ഏഷ്യ എന്നീ സ്ഥാപനങ്ങളിലൂടെയാണ് മാത്യുവും സംഘവും 205.71 കോടി തട്ടിച്ചെടുത്തത്. ഈ തുക എറണാകുളത്തെ ഐഡിയൽ ഫോറിൻ എക്സേഞ്ച് (ഫോറെക്സ്) ഉടമ മുഹമ്മദ് അസ്ലമിൻ്റെ സഹായത്തോടെ ഹവാലയായി വിദേശത്തേക്ക് കടത്തി. വഞ്ചിച്ചെടുത്ത തുക പ്രതികൾ വിദേശത്തേക്ക് ഹവാലയായാണ് കടത്തിയതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് 2018 ൽ കേസ് രജിസ്റ്റർ ചെയ്തു. പ്രിവൻഷൻ ഓഫ് മണിലോണ്ടറിംഗ് ആക്റ്റ് (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
അന്വേഷണം പൂർത്തിയായതിനെ തുടർന്ന് 2021 മാർച്ച് 23 ന് മാത്യു ഇൻറർനാഷണൽ സ്ഥാപന ഉടമകളുടെ 7.51 കോടി രൂപയുടെ സ്ഥാവര , ജംഗമ സ്വത്തുക്കൾ ഇ.ഡി കണ്ടു കെട്ടി. പി.ജെ. മാത്യു , സെലിൻ മാത്യു , തോമസ് മാത്യു എന്നിവരുടെ മുംബൈ , ആലപ്പുഴ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടു കെട്ടി സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടിയത്. മാത്യുവിൻ്റെ 2.96 കോടി രൂപയുടെ മെഴ്സിഡസ് ബെൻസ് കാർ , സെലിൻ മാത്യുവിൻ്റെ മുംബൈയിലെ ഫ്ലാറ്റ് , തോമസ് മാത്യുവിൻ്റെ അമ്പലപ്പുഴയിലെ 2 സെൻറ് സ്ഥലം , ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 4.55 കോടി രൂപ എന്നിവയാണ് കണ്ടു കെട്ടിയത്.
https://www.facebook.com/Malayalivartha
























