കല്‍പ്പറ്റയില്‍ 16കാരനെ സഹപാഠികള്‍ ക്രൂരമര്‍ദനത്തിനിരയാക്കി: നിര്‍ബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിച്ചു

വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ഒരു സംഘം കൗമാരക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. കല്‍പ്പറ്റയില്‍ ആളൊഴിഞ്ഞ ഗ്രൗണ്ടില്‍ ഫോണ്‍ വിളിച്ച് വരുത്തിയ ശേഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ കല്‍പ്പറ്റ പൊലീസ് സ്വമേധയാ കേസെടുത്തു.
വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് ക്രൂരമായ മര്‍ദനത്തില്‍ കലാശിച്ചത്. അടുത്തടുത്ത് താമസിക്കുന്നവരും പ്രായപൂര്‍ത്തിയാകാത്തവരുമായ സുഹൃത്തുക്കള്‍ തന്നെയാണ് അക്രമത്തിന് പിന്നില്‍. കല്‍പ്പറ്റ നഗരത്തോടു ചേര്‍ന്നുള്ള ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് 16കാരനെ വിളിച്ചുവരുത്തുകയായിരുന്നു.
ഏകദേശം ഏഴ് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വലിയ വടികൊണ്ട് മുഖത്തും തലയിലും ശരീരമാസകലവും കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഷൂസിട്ട കാല്‍ കൊണ്ട് മുഖത്ത് തൊഴിക്കുകയും, നിലത്ത് വീണ കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അക്രമിസംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദനം നടുക്കുമ്പോള്‍ മതി നിര്‍ത്താമെന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന കുട്ടി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ കല്‍പ്പറ്റ സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. മര്‍ദനത്തിന് ഇരയായ കുട്ടിയെയും അക്രമികളെയും പൊലീസുകാര്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതികള്‍ എന്നതിനാല്‍ ജുവനൈല്‍ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























