'വെയര്‍ഹൗസുകളില്‍ മോഷണ സാധ്യത'; ബിവറേജസ് കോര്‍പറേഷന്റെ മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ്

മോഷണത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്റെ മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ് നിര്‍ദ്ദേശം. ആറ്റിങ്ങല്‍ ബിവറേജസ് ഗോഡൗണില്‍നിന്ന് നൂറിലധികം കെയ്‌സ് മദ്യം മോഷണം പോയ സംഭവത്തെത്തുടര്‍ന്നാണ് എക്സൈസ് നടപടി. കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള പോരായ്മകള്‍ മോഷണത്തിന് സാധ്യത കൂട്ടുന്നുവെന്നും എക്സൈസ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വെയര്‍ ഹൗസിങ് കോര്‍പറഷന്റേയും സ്വകാര്യ വ്യക്തികളുടെയും കെട്ടിടങ്ങളിലാണ് ബിവറേജസ് കോര്‍പറേഷന്‍ മദ്യം സൂക്ഷിക്കുന്നത്. ഇതില്‍ പലയിടത്തും മതിയായ സുരക്ഷയില്ല. കാലപ്പഴക്കം ചെന്ന പല കെട്ടിടങ്ങളില്‍ നിന്നും മദ്യം കാണാതായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
കെട്ടിടങ്ങളുടെ സുരക്ഷയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം എന്നാണ് എക്‌സൈസ് നിര്‍ദ്ദേശം. സി.സി.ടി.വി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കി. കാട് മൂടി കിടക്കുന്ന വെയര്‍ഹൗസുകള്‍ വൃത്തിയാക്കണമെന്നും. ചുറ്റുമതില്‍ ഇല്ലാത്തതും പൊളിഞ്ഞതുമായ സ്ഥലങ്ങളില്‍ അവ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എക്സൈസ് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























