'നെഞ്ചിലുണ്ടാവും, മരണം വരെ'; സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത്; ടി.പി. ചന്ദ്രശേഖരന്‍റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ച് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ.കെ. രമ

ടി.പി. ചന്ദ്രശേഖരന്‍റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ച് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍.എം.പി.ഐ നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമ. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് രമ ചോദിച്ചു. വസ്ത്രത്തിന്‍റെ ഭാഗമായാണ് താന്‍ ആ ബാഡ്ജ് ധരിച്ചത്. തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേ -രമ വ്യക്തമാക്കി.
പിന്നാലെ, 'നെഞ്ചിലുണ്ടാവും, മരണം വരെ' എന്ന തലക്കെട്ടോടെ സത്യപ്രതിജ്ഞാ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും രമ തന്‍റെ നിലപാട് വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്‍റെ ബാഡ്ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് സംഭവം വിവാദമായത്.
വടകരയില്‍ നിന്ന് രമ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച് സഭയിലെത്തിയത് സി.പി.എമ്മിന് തിരിച്ചടിയായിരുന്നു. കൊല്ലപ്പെട്ട ആര്‍.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കൂടിയായ കെ.കെ. രമ, നിയമസഭയില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരായി തന്‍റെ ശബ്ദമുയരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























