ഒഎന്‍വി പുരസ്കാരം പുനഃപരിശോധിക്കാന്‍ തീരുമാനിച്ച് അക്കാദമി; തീരുമാനം വിവിധ തലത്തിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്ന സഹാചര്യത്തിൽ

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍ വി പുരസ്കാരം നല്‍കിയ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ നടപടിക്ക് എതിരെ പ്രതിഷേധം തുടരുകയാണ്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമിയുടെ അവാര്‍ഡ് തീരുമാനത്തിനെതിരെ രംഗത്ത് വന്നു.
മീടൂ ആരോപിതനായ വൈരമുത്തുവിന് ഒ എന്‍ വിയുടെ പേരിലുള്ള പുരസ്കാരം നല്‍കുന്നതിരെയുള്ള പ്രതിഷേധങ്ങളാണ് സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായത്. എഴുത്തുകാരായ എന്‍ എസ് മാധവന്‍, കെ ആര്‍ മീര, സിനിമാതാരങ്ങളായ പാര്‍വ്വതി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ഗായിക ചിന്മയി ശ്രീപദ, സംവിധായിക അഞ്ജലി മേനോന്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍, കവിയും ഗാനരചയിതാവും മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയുമായ പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കുന്നത് പുനഃപരിശോധിക്കുമെന്ന് അക്കാദമി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
"ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരം അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ നിര്‍ദ്ദേശപ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നിശ്ചയിച്ചതായി അറിയിക്കുന്നു," ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തിന് നല്‍കാനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.
തൊട്ടു പിന്നാലെ, മീടു ആരോപണവിധേയനായ വൈരമുത്തുവിന് മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ എന്‍ വിയുടെ പേരിലുള്ള പുരസ്കാരം നല്‍കുന്നതിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്തുകൊണ്ട് നടിമാരായ പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സംവിധായിക അഞ്ജലി മേനോന്‍ എന്നിവര്‍ രംഗത്ത് എത്തുകയായിരുന്നു.
"നമ്മുടെ ഏറ്റവും വലിയ സാഹിത്യകാരന്റെ പേരിലുള്ള ഒരു പുരസ്കാരം 17 സ്ത്രീകള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ച ഒരാള്‍ക്ക് നല്‍കാന്‍ പാടില്ല," എന്നാണ് ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും കുറിച്ചത്. "ഒഎന്‍വി സാര്‍ നമ്മുടെ അഭിമാനമാണ്,
ഒരു കവിയെന്ന രീതിയിലും ഗാനരചയിതാവ് എന്ന രീതിയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. ലൈംഗികാരോപണം നേരിടുന്ന ഒരാള്‍ക്ക് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം നല്‍കിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്," പാര്‍വതി തിരുവോത്ത് പറയുന്നു.
"17 സ്ത്രീകള്‍ അവരുടെ കഥകളുമായി പുറത്തു വന്നിട്ടുണ്ട്, എത്രപേര്‍ക്ക് കൂടി അന്യായം സംഭവിച്ചുവെന്ന് നമുക്കറിയില്ല. അന്യായം ചെയ്യുന്നവര്‍ക്ക് തെറ്റ് ചെയ്യുന്നത് തുടരാന്‍ മതിയായ കാര്യമുണ്ടെന്ന് തോന്നുന്നു, അധികാരത്തിലിരിക്കുന്നവരുടെ സ്വാധീനം മാത്രം മതിയാവും. മാനവികതയേക്കാള്‍ വലുതായി ഒന്നുമില്ല. കല- കലാകാരന്‍ എന്നീ വിഷയങ്ങളിലുള്ള സംവാദവുമായി നിങ്ങളെന്നെ സമീപിക്കുകയാണെങ്കില്‍, കലയെ സൃഷ്ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാന്‍ തിരഞ്ഞെടുക്കുകയെന്ന് ഞാന്‍ പറയും.
പൊള്ളയായവരുടെ കല ഇല്ലാതെ തന്നെ എനിക്ക് ജീവിക്കാന്‍ കഴിയും. ആരോപണം നേരിടുന്ന വൈരമുത്തുവിന് അടൂര്‍ ഗോപാലകൃഷ്ണന്‍ അടങ്ങിയ ജൂറി ഈ പുരസ്കാരം നല്‍കിയതിനെ എങ്ങനെ ന്യായീകരിക്കും?" എന്നാണ് പാര്‍വതി ചോദിക്കുന്നതും.
"സ്വാഭാവത്തിനല്ല, രചനയ്ക്കാണ് വൈരമുത്തുവിന് ഒഎന്‍വി അവാര്‍ഡ് നല്‍കിയതെന്ന് അടൂര്‍ പറഞ്ഞത് വളരെ തെറ്റാണ്. 2018ല്‍ ഒരു ജൂറി അംഗത്തിന്റെ ഭര്‍ത്താവിനെതിരെ മീറ്റൂ ആരോപണം ഉള്ളതിനാല്‍ സാഹിത്യത്തിനുള്ള നോബല്‍
പുരസ്കാരം റദ്ദാക്കിയത് ഓര്‍ക്കുക. കലയുമായി ഇടപെടുമ്പോൾ ദയവായി അല്‍പ്പം കൂടി സംവേദനക്ഷമത പുലര്‍ത്തുക," എന്നാണ് എന്‍ എസ് മാധവന്‍ ഈ വിഷയത്തോട് പ്രതികരിച്ചത്.
വൈരമുത്തുവിന് ഒഎന്‍ വി പുരസ്കാരം നല്‍കിയതിനെക്കുറിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ സാഹിത്യകാരി കെആര്‍ മീരയും പ്രതിഷേധമറിയിച്ചു. അടൂരിന്റെ അഭിപ്രായത്തിനെതിരെ കഠിനമായി പ്രതിഷേധിക്കുന്നതായി അറിയിച്ച കെആര്‍ മീര താന്‍
അറിയുന്ന ഒഎന്‍വി സ്വഭാവ ഗുണത്തിന് പ്രാധാന്യം നല്‍കിയിരുന്ന ആളാണെന്നും പറഞ്ഞു. ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ലെന്നും സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ലെന്നും കെആര്‍ മീര ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
"പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം
നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ '' ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം' എന്ന പ്രതികരണത്തോടു ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.
കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം.
കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha

























