ഇന്ത്യയിൽ വാക്‌സിൻ നിർമ്മാണത്തിനുള്ള മതിയായ സാഹചര്യമൊരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നത് വ്യാജ പ്രചരണം: പ്രതിപക്ഷ നുണ ഫാക്ടറികളുടെ പ്രചരണത്തിന് എതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

കേന്ദ്രസർക്കാരിനെതിരെ പ്രചരിക്കുന്ന നുണ ഫാക്ടറി ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇന്ത്യയിൽ വാക്‌സിൻ നിർമ്മാണത്തിനുള്ള മതിയായ സാഹചര്യമൊരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല എന്നതാണ് പ്രതിപക്ഷ നുണ ഫാക്ടറികളുടെ മറ്റൊരു പ്രചരണം. എന്നാൽ ഈ പ്രചരണങ്ങൾ എല്ലാം തെറ്റാണെന്നും അതിനു പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ എന്താണെന്നും ചൂണ്ടിക്കാട്ടുകയാണ് ശോഭാസുരേന്ദ്രൻ.
ശോഭാ സുരേന്ദ്രന്റെ വാക്കുകളിങ്ങനെ:-
കോവിഡ് 19 നെതിരായ കേന്ദ്ര സർക്കാരിന്റെ വാക്‌സിനേഷൻ പദ്ധതിയെയും, വാക്‌സിനേഷൻ നയത്തെയും പറ്റി വ്യാപകമായ വ്യാജ പ്രചരണങ്ങളാണ് പ്രതിപക്ഷ കക്ഷികളും അവർ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളും പടച്ചു വിടുന്നത്.
വിദേശത്ത് നിന്നും വാക്‌സിൻ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തുന്നില്ല എന്നതാണ് ആദ്യത്തെ കുപ്രചരണം. ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. ആഗോള തലത്തിൽ കോവിഡ് വാക്‌സിൻ നിർമ്മിക്കുന്ന എല്ലാ പ്രമുഖ സ്ഥാപനങ്ങളുമായും കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കേന്ദ്ര സർക്കാർ ആശയ വിനിമയം ആരംഭിച്ചിരുന്നു.അവരിൽ നിന്ന് വാക്‌സിൻ വാങ്ങുന്നതിനും അവർക്ക് ഇന്ത്യയിൽ വാക്‌സിൻ നിർമ്മിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിനും ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ നിശ്ചിത അളവിൽ മാത്രം വാക്‌സിൻ ഡോസുകൾ നിർമ്മിക്കുന്ന ഈ വിദേശ കമ്പനികൾ അവരുടെ മുൻഗണനകൾക്ക് അനുസരിച്ചു മാത്രമേ അത് നമുക്ക് നൽകാൻ തയ്യാറാകൂ എന്നതാണ് വസ്തുത. ഫൈസർ കമ്പനിയിൽ നിന്ന് വാക്‌സിൻ ലഭ്യതയെക്കുറിച്ച് അറിവ് കേന്ദ്ര സക്കാരിന് ലഭിച്ചപ്പോൾ തന്നെ വാക്‌സിൻ ഇറക്കുമതി ആരംഭിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. മോദി സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മൂലം റഷ്യയുടെ സ്പുട്നിക്ക് വാക്‌സിൻ ഇന്ത്യയിൽ നേരിട്ട് എത്തിക്കാൻ സാധിച്ചു എന്ന് മാത്രമല്ല സ്പുട്നിക്ക് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യ കൈമാറാനും റഷ്യ തയ്യാറായി.
ഇന്ത്യയിൽ വാക്‌സിൻ നിർമ്മാണത്തിനുള്ള മതിയായ സാഹചര്യമൊരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല എന്നതാണ് പ്രതിപക്ഷ നുണ ഫാക്ടറികളുടെ മറ്റൊരു പ്രചരണം. ഭാരത് ബയോടെക് മാത്രം വാക്‌സിൻ നിർമ്മാണം നടത്തിയിരുന്ന സാഹചര്യത്തിൽ നിന്ന് പുതിയ മൂന്ന് കമ്പനികൾക്ക് കൂടി കോവാക്‌സിൻ നിർമ്മിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇതിനോടകം കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുത്തു കഴിഞ്ഞു.ഭാരത് ബിയോടെക്കിന്റെ പ്ലാന്റുകളുടെ എണ്ണം ഒന്നിൽ നിന്ന് നാലായി വർദ്ധിപ്പിച്ചു. അതിലൂടെ മാസം ഒരു കോടി വാക്‌സിനുകൾ നിർമ്മിക്കാനുള്ള അവരുടെ ശേഷി മാസം 10 കോടിയായി വർദ്ധിപ്പിക്കാൻ സാധിച്ചു. സർക്കാരിന്റെ പിന്തുണയോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് നിർമ്മാണം 6.5 കോടിയിൽ നിന്ന് 11 കോടിയിൽ എത്തി.
ഇതോടൊപ്പം പൊതുമേഖലയിൽ മാത്രം ഡിസംബർ മാസത്തിനകം 4 കോടി ഡോസുകൾ നിർമ്മിക്കാൻ ആവശ്യമായ നടപടികളും കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇതിനോടൊപ്പം തദ്ദേശീയമായി വാക്‌സിൻ നിർമ്മിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാർ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി 2021 അവസാനത്തോടെ ഏതാണ്ട് 200 കോടി ഡോസ് വാക്‌സിൻ തദ്ദേശീയമായി നിർമ്മിക്കാൻ കഴിയും. ഇത് ഇന്ത്യയ്ക്ക് മാത്രമല്ല കോവിഡ് ഭീതിയിൽ കഴിയുന്ന മറ്റ് ലോക രാജ്യങ്ങൾക്ക് കൂടി ആശ്വാസം പകരുന്നതാണ്.
കേന്ദ്ര സർക്കാർ 'കമ്പൽസറി ലൈസൻസിംഗ്' നൽകാൻ തയ്യാറാകുന്നില്ല എന്നതാണ് പ്രതിപക്ഷമുയർത്തുന്ന മറ്റൊരു ആരോപണം. കോവിഡ് വാക്‌സിൻ നിർമ്മാണത്തെക്കുറിച്ചും, സാങ്കേതിക വിദ്യയെക്കുറിച്ചുമുള്ള അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം ഒരു ആരോപണം ഉണ്ടാകുന്നത്. വാക്‌സിന്റെ ഫോർമുല മാത്രം കൈമാറ്റം ചെയ്തതു കൊണ്ട് മറ്റൊരു കമ്പനിയ്ക്ക് കോവിഡ് വാക്‌സിൻ നിർമ്മാണം നാടത്താൻ സാധിക്കില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ സാങ്കേതിക വിദ്യ കൈമാറ്റം സാധ്യമാക്കാൻ ശ്രമിക്കുന്നത്.
സംസ്ഥാന സർക്കാരുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിട്ടു കൊടുത്തു കൊണ്ട് കേന്ദ്രം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നു എന്നതാണ് അടുത്ത ആരോപണം. ഇടതു വലതു ഭേദമില്ലാതെ പ്രതിപക്ഷ കക്ഷികൾ ഈ നുണ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സ്വന്തം നിലയിൽ വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് അനുവാദം നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരം ഒരു വ്യാജ പൊതുബോധ നിർമ്മിതി തകൃതിയായി നടക്കുന്നത്. വാക്‌സിൻ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുക, വിദേശത്ത് നിന്ന് വാക്‌സിൻ ഇറക്കുമതി ചെയ്യുക, സ്വദേശത്തു നിന്നും വിദേശത്തു നിന്നും കേന്ദ്രം സംഭരിക്കുന്ന വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക എന്നിങ്ങനെ എല്ലാ ഭാരിച്ച ചുമതലകളും സ്വയം വഹിച്ചു കൊണ്ടാണ് കേന്ദ്രം സമാന്തരമായി വാക്‌സിൻ സംഭരണം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകിയത്. പൊതുജനാരോഗ്യം സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ ആയതു കൊണ്ടാണ് വാക്‌സിനേഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണം എന്ന സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചത്. വാക്‌സിൻ സംഭരിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങൾ വലിയ തോതിൽ വിജയിക്കാത്തത് ആഗോള തലത്തിലുള്ള വാക്‌സിൻ ക്ഷാമം കൊണ്ട് കൂടിയാണ് എന്ന് സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും തിരിച്ചറിയും എന്ന് കരുതാം.
പറയാനുള്ളത് കോൺഗ്രസിനോടും ഇടതുപക്ഷത്തോടുമാണ് രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തെയാണ് നേരിടുന്നത്. രാഷ്ട്രീയമായ മുൻവിധികൾ കൊണ്ട് നിങ്ങൾ പിന്നിൽ നിന്ന് കുത്തുന്നത് ഈ നാട്ടിലെ സാധാരണക്കാരായ കോടിക്കണക്കിനു മനുഷ്യരുടെ അതിജീവന സ്വപ്നങ്ങളെയാണ്.
https://www.facebook.com/Malayalivartha

























